ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് അറിയിക്കാത്ത ബോളിവുഡ് താരങ്ങളായി ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണാ റാവത്ത് രംഗത്ത്. രാഷ്ട്രത്തെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സിനിമാ താരങ്ങള്‍ നിലപാടറിയിക്കണമെന്ന് അങ്ങനെ ചെയ്യാത്തത് നിരുത്തരവാദപരമാണെന്നും കങ്കണ വിമര്‍ശിച്ചു. കങ്കണ നായികയായെത്തിയ ‘മണികര്‍ണിക’ എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രണ്‍വീര്‍ സിംഗും ആലിയാ ഭട്ടും നായികാ നായകന്മാരായെത്തിയ ‘ഗളി ബോയ്’ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ തങ്ങള്‍ക്ക് ഒരു രീതിയിലുള്ള രാഷ്ട്രീയ നിലപാടുകളൊ പ്രത്യയശാസ്ത്രമൊ ഇല്ലായെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ ഇതുപോലുള്ള കാര്യങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കങ്കണ അഭിപ്രായപ്പെട്ടു.
തന്റെ വീട്ടില്‍ വൈദ്യുതിയും വെള്ളവും വരുന്നതുകൊണ്ട് താന്‍ എന്തിന് രാഷ്ട്രീയത്തെപ്പറ്റി ആലോചിക്കണമെന്ന് മുന്‍പ് രണ്‍ബീര്‍ കപൂറും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ രാജ്യമുള്ളത് കൊണ്ടാണ് രണ്‍ബീറിന് വീടുള്ളതെന്ന് കങ്കണ ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരന്മാരുടെ പണമുപയോഗിച്ചുകൊണ്ടാണ് രണ്‍ബീര്‍ മെര്‍സിഡസ് കാറില്‍ യാത്ര ചെയ്യുന്നത്. എങ്ങനെ രണ്‍ബീറിന് ഇങ്ങനെ സംസാരിക്കാനാകും? ഇത് നിരുത്തരവാദപരമാണെന്ന് കങ്കണ വിമര്‍ശിച്ചു.
ഒരു ചിത്രത്തിന്റെ ഭാഗമാകുന്നതിലൂടെ ഒരു അഭിനേതാവിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്ന് കങ്കണ അഭിപ്രായപ്പെട്ടു. ‘എന്റെ വീട്ടില്‍ വൈദ്യുതിയും വെള്ളവുമുണ്ടെങ്കിലും ഞാന്‍ മറ്റാരുടെയും കാര്യങ്ങളെ ഗൗനിക്കാറില്ലെന്ന അര്‍ത്ഥമില്ല. ഇവര്‍ എന്തിനാണ് ഇവരുടെ സിനിമാ മേഖലയിലുള്ള തൊഴിലിനെപ്പറ്റി ഇത്ര വേവലാതിപ്പെടുന്നത്?’ കങ്കണ ചോദിച്ചു. ദേശീയപരമായ കാര്യങ്ങളില്‍ നമ്മള് താല്പര്യമെടുക്കണമെന്ന അഭിപ്രായം കങ്കണ അറിയിച്ചു. സിനിമയിലുള്ള തന്റെ തൊഴില്‍ തനിക്ക് നഷ്ടപ്പെട്ടാലും താന്‍ പ്രാധാന്യമേറിയ വിഷയങ്ങളില്‍ നിലപാടെടുക്കുമെന്ന കങ്കണ വ്യക്തമാക്കി.
അതേസമയം താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു സാധ്യതയുമില്ലെന്നും കങ്കണ പറഞ്ഞു.
https://www.instagram.com/p/BujjTLxggsK/?utm_source=ig_web_copy_link
Discussion about this post