മാനസിക രോഗമുള്ളവര്‍ എന്ന് പറഞ്ഞിട്ടില്ലെന്നും സംശയം ഉള്ളവര്‍ക്ക് പ്രസംഗത്തിന്റെ വീഡിയൊ പരിശോധിക്കാമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മനോരമ പത്രത്തിന്റെ മറുപടി. മനോരോഗി എന്നല്ല മാനസിക അസുഖമുള്ളവര്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന വിശദീകരണവുമായി മനോരമ എത്തിയതോടെ മുഖ്യമന്ത്രി വെട്ടിലായി.
കേരളം നേരിട്ട പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് വാദിക്കുന്നവര്‍ മാനസിക രോഗികളാണെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞതായിട്ടായിരുന്നു മലയാള മനോരമ വാര്‍ത്ത. പ്രളയ സമയത്ത് നിയമസഭയിലും പുറത്തും ഈ വാദം ഉന്നയിച്ചവര്‍ക്ക് മറുപടി നല്‍കിയിരുന്നെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പഴയ വാദം പൊടിതട്ടിയെടുക്കുകയാണെന്നും പിണറായി പറഞ്ഞതായി വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
മാനസിക രോഗമെന്ന വാക്കേ താന്‍ ഉപയോഗിച്ചിട്ടില്ലെന്നും നിങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രധാനജോലി ആ കള്ളങ്ങള്‍ സൃഷ്ടിച്ചുകൊടുക്കലാണെന്നും പിണറായി പറഞ്ഞിരുന്നു. ‘ എവിടുന്ന് കിട്ടി നിങ്ങള്‍ക്ക്, നിങ്ങളുടെ കയ്യില്‍ ഈ ലേഖകന്‍ എഴുതുന്ന എഴുത്ത് മാത്രമല്ലല്ലോ ലേഖകന്മാര് എഴുതുമ്പോള്‍ ചിലപ്പോള്‍ തെറ്റിപ്പോയി എന്നുവരാം. വാചകം മാറിപ്പോയി എന്ന് വരാം. നിങ്ങളുടെ കൈയ്യില്‍ ക്യാമറ ഉണ്ടല്ലോ. അതില്‍ ഞാന്‍ പറഞ്ഞ വാചകവുണ്ടാകുമല്ലോ. ഞാന്‍ ഈ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ തരത്തില്‍ നിങ്ങള്‍ പറഞ്ഞതിന്റ അടിസ്ഥാനമുണ്ടെങ്കില്‍ ആ ഭാഗം നിങ്ങള്‍ പ്രദര്ശിപ്പിക്ക്, മാനസിക രോഗി എന്ന് ഞാന്‍ പറഞ്ഞുവെന്ന്’ എന്നായിരുന്നു പിണറായി പറഞ്ഞത്.
എന്നാല്‍ മാനസിക അസുഖമുള്ളവരെ മാനസീക രോഗികള്‍ എന്ന് പറയാമോ എന്ന് പരിഹസിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും രംഗത്തെത്തി.
പിണറായിയുടെ പ്രസംഗത്തിന്റെ പ്രസ്തുത ഭാഗവും മനോരമ വാര്‍ത്തയില്‍ എഴുതിയിട്ടുണ്ട്. ‘ ഒരപകടത്തെ ഇത്ര ഒരുമയോടെ, ഐക്യത്തോടെ നേരിട്ട ജനത എന്ന ഖ്യാതി നമുക്കുണ്ടായി. അതിനെല്ലാവരും നമ്മെ അഭിനന്ദിച്ചു. അപ്പോ നമ്മുടെ കേരളത്തില്‍ തന്നെ ചില മാനസിക അസുഖമുള്ളവര്‍..ഏ.. അങ്ങനെ വരാന്‍ പാടുണ്ടോ, അങ്ങനെ അഭിനന്ദനം നമുക്ക് കിട്ടാന്‍ പാടുണ്ടോ, കിട്ടാന്‍ പാടില്ല എന്നവര്‍ കണക്കാക്കി. അപ്പോ എന്തു ചെയ്യണം. ഉടനെ അവരൊരു വാദം അവതരിപ്പിച്ചു. അവര്‍ പറഞ്ഞു നമ്മുടെ പ്രളയം പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി സംഭവിച്ചതല്ല, ഇത് മനുഷ്യനിര്‍മിതമാണ്. സര്‍ക്കാരാണ് ഇതിന്റെ ഉത്തരവാദി. സര്‍ക്കാര്‍ വരുത്തിവച്ചതാണിത്. നിയസഭയിലും പറഞ്ഞു, പുറത്തും പറഞ്ഞു. നിയസഭയിലും പുറത്തും അതിന് മറുപടിയും പറഞ്ഞു.’ മനോരമ റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിലെ മഹാപ്രളയം അധികൃതരുടെ അനാസ്ഥമൂലമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് പിണറായി ഇത്തരത്തില്‍ പറയുന്നവരെ മാനസീക അസുഖമുള്ളവരെന്ന് വിലയിരുത്തിയത്.
Discussion about this post