മുടങ്ങിക്കിടക്കുന്ന ശമ്പളം എത്രയും വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ കേന്ദ്ര ധനമന്ത്രിയെ കണ്ടു. കടക്കെണിയിലായ വിമാനക്കമ്പനിയുടെ ലേലം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നും ഇടക്കാലാശ്വാസമായി ശമ്പളം വിതരണം ചെയ്യാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ അരുണ്‍ ജെയ്റ്റ്ലിയെ കണ്ടത്.
ജെറ്റ് എയര്‍വെയിസിന്റെ ലേലം അഞ്ച് ആഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും ശമ്പളത്തിന്റെ കാര്യത്തില്‍ ബാങ്കുകളുമായി നേരിട്ട് സംസാരിക്കാമെന്നും അരുണ്‍ ജെയ്റ്റ്ലി ജെറ്റ് എയര്‍വെയിസ് ജീവനക്കാര്‍ക്ക് ഉറപ്പ് നല്കി. മഹാരാഷ്ട്ര ധനമന്ത്രി സുധിര്‍ മുംഗാതിവറിന്റെ സാന്നിധ്യത്തിലായിരുന്നു ജീവനക്കാര്‍ അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയത്.
ജെറ്റ് എയര്‍വെയിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അമിത് അഗര്‍വാള്‍ എന്നിവടെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വെയിസ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതോടെ 20,000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. നാലുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. കമ്പനി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ സമരത്തിലാണ്.
Discussion about this post