ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് അമിത് ഷായുടെ പേരുള്‍പ്പെടുത്തിയിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ജൊരാസന്‍കോ പൊലീസ് സ്റ്റേഷനിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നിരവധി ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലുത്തിട്ടുണ്ട്.
ഇന്നലെ കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും റോഡ് ഷോക്കിടയില്‍ അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.
ജാദവ്പൂരില് ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മമതയുടെ തട്ടകമായ കൊല്‍ക്കത്തയില്‍ അമിത് ഷാ റോഡ് ഷോ നടത്തിയത്. ജയ്ശ്രീറാം വിളികളോടെ മുന്നേറിയ റോഡ് ഷോ കൊല്‍ക്കത്ത യൂനിവേഴ്സിറ്റി കാംപസിനടുത്ത് എത്തിയപ്പോഴാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് ഛാത്ര പരിഷത്തിന്റെ പ്രവര്‍ത്തകര്‍ അമിത് ഷാക്കെതിരെ മുദ്രാവാക്യവുമായി രംഗത്തെത്തിയത്.ഗോബാക്ക് വിളികളുമായി രംഗത്തെത്തിയ പ്രവര്‍ത്തകര്‍ അമിത് ഷാക്കെതിരെ കരിങ്കൊടി കാണിച്ചു.
Discussion about this post