എറണാകുളം മരടിൽ തീരദേശ മേഖലാ ചട്ടംലംഘിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി അവസാനിച്ചു.
തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മേയ് എട്ടിനാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം പൊളിച്ചുമാറ്റിയ ശേഷം റിപ്പോർട്ട് നൽകാനായിരുന്നു വിധി. സാവകാശം ചോദിച്ച് കോടതിയെ സമീപിച്ചെങ്കിലും നിരാകരിച്ചു. വിധി നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
അതേസമയം ആയുഷ്ക്കാലത്തെ സമ്പാദ്യമായ കിടപ്പാടം നഷ്ടപ്പെടുമെന്ന് കേട്ടതിന്റെ ആഘാതം താമസക്കാർക്ക് ഇപ്പോഴും മാറിയിട്ടില്ല. മരട് നഗരസഭയും തീരദേശ സംരക്ഷണ അതോറിറ്റിയും കക്ഷികളായ കേസിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്ന് താമസക്കാർ പറയുന്നു.
സംരക്ഷിത മേഖലയുടെ പരിധിയിൽനിന്ന് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സർക്കാർ ഒഴിവാക്കിയതാണെന്നും, താമസക്കാരുടെ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് വിവരം. അപ്പീലിന് പോകുന്നതായി നിർമാതാക്കൾ മരട് നഗരസഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്
Discussion about this post