ലണ്ടൻ: കാൽവിരലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. ശങ്കറിന് പകരക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് അപേക്ഷ നൽകി.
പരിശീലനത്തിനിടെ ജസ്പ്രീത് ബുമ്ര എറിഞ്ഞ ഒരു പന്ത് വിജയ് ശങ്കറിന്റെ കാൽവിരലിൽ കൊള്ളുകയായിരുന്നു.
വിജയ് ശങ്കറിന് പകരക്കാരനായി മായങ്ക് അഗർവാളിനെ ടീമിലുൾപ്പെടുത്താനായിരിക്കും ഇന്ത്യ ശ്രമിക്കുക. മായങ്ക് അഗർവാളിനെ ഓപ്പണറാക്കിയാൽ ലോകേഷ് രാഹുലിനെ നാലാമനായി കളിപ്പിച്ച് മദ്ധ്യനിരയ്ക്ക് ശക്തി പകരാൻ ഇന്ത്യക്ക് സാധിക്കും.
ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് വിജയ് ശങ്കറിന്റെ പരിക്കിനെക്കുറിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സൂചന നൽകിയിരിന്നു.
Discussion about this post