ബിർമിംഗ്ഹാം: ബംഗ്ലാദേശിനെ 28 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശർമ്മയുടെ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 48 ഓവറിൽ 286 റൺസിന് ഓൾ ഔട്ടായതോടെ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.
രോഹിതിന് പുറമെ ഓപ്പണിംഗ് ബാറ്റ്സ്മാൻ ലോകേഷ് രാഹുലും തിളങ്ങിയപ്പോൾ 180 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്താൻ ഇന്ത്യയ്ക്കായി. എന്നാൽ 77 റൺസുമായി രാഹുലും 92 പന്തിൽ 104 റൺസുമായി രോഹിതും പുറത്തായ ശേഷം പിന്നീട് വന്ന ആർക്കും തന്നെ മികച്ച തുടക്കം കാര്യമായി മുതലാക്കാൻ സാധിച്ചില്ല. വിരാട് കോഹ്ലി 26 റൺസുമായി മടങ്ങിയപ്പോൾ വമ്പനടികളിലൂടെ ഋഷഭ് പന്ത് 48 റൺസ് നേടി. മദ്ധ്യനിരയിലെ മറ്റുള്ളവർ വീണ്ടും നിരാശപ്പെടുത്തിയപ്പോൾ മഹേന്ദ്ര സിംഗ് ധോണി 35 റൺസെടുത്തു.
ബംഗ്ലാദേശിനായി മുസ്താഫിസുർ റഹ്മാൻ 10 ഓവറിൽ 59 റൺസ് വഴങ്ങി 5 വിക്കറ്റ് നേടി. ഷാകിബ് അൽ ഹസ്സനും റുബെൽ ഹുസൈനും സൗമ്യ സർക്കാറും ഓരോ വിക്കറ്റ് വീതം നേടി.
വലിയ ലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റ് വീശിയ ബംഗ്ലാദേശ് മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത്. 66 റൺസുമായി ഷകീബ് അൽ ഹസ്സൻ ടോപ് സ്കോററായി. ഏഴാം വിക്കറ്റിൽ ഷബീർ റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനും ഇന്ത്യയെ നന്നായി വെള്ളം കുടിപ്പിച്ചു. എന്നാൽ കൃത്യമായ ബൗളിംഗ് ചെയ്ഞ്ചായി എത്തിയ ജസ്പ്രീത് ബുമ്ര 36 പന്തിൽ 36 റൺസുമായി നിന്ന ഷബീർ റഹ്മാനെ ക്ലീൻ ബൗൾഡാക്കി. ഒരു വശത്ത് 38 പന്തിൽ 51 റൺസുമായി സെയ്ഫുദ്ദീൻ പുറത്താകാതെ നിന്നുവെങ്കിലും പരിചയ സമ്പന്നമായ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ വാലറ്റം പൊരുതാതെ കീഴടങ്ങി.
10 ഓവറിൽ 55 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് ഇന്ത്യൻ ബൗളിംഗിനെ നയിച്ചത്. 3 വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യ ബുമ്രയ്ക്ക് മികച്ച പിന്തുണ നൽകി. ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും യുസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
എട്ട് മത്സരങ്ങളില്‍ ആറ് വിജയം ഉള്‍പ്പെടെ 13 പോയിന്റുമായാണ് ഇന്ത്യ സെമിയിൽ കടന്നിരിക്കുന്നത്.
Discussion about this post