ലീഡ്സ്: ആവേശകരമായ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 23 റൺസിന് പരാജയപ്പെടുത്തി വെസ്റ്റിൻഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസ് നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. വിൻഡീസിനായി മൂന്ന് പേർ അർദ്ധശതകം നേടി. ഷായ് ഹോപ് 77 റൺസെടുത്തപ്പോൾ നിക്കോളാസ് പൂരാൻ 43 പന്തിൽ 58 റൺസടിച്ചു. എവിൻ ലൂയിസും 58 റൺസ് നേടി. ക്യാപ്റ്റൻ ജാസൺ ഹോൾഡർ 34 പന്തിൽ 45 റൺസ് നേടിയപ്പോൾ 4 പന്തിൽ 14 റൺസുമായി കാർലോസ് ബ്രാത്വെയ്റ്റ് സ്കോർ 300 കടത്തി. ഷിമ്രോൺ ഹെറ്റ്മെയർ 31 പന്തിൽ 39 റൺസ് സ്കോർ ചെയ്തു.
അഫ്ഗാനിസ്ഥാന് വേണ്ടി ദൗലത് സാദ്രാൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സയീദ് ഷിർസാദും മുഹമ്മദ് നബിയും റാഷിദ് ഖാനും ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാൻ മികച്ച പോരാട്ടം കാഴ്ചവെച്ചു. 86 റൺസെടുത്ത് മത്സരത്തിലെ ടോപ് സ്കോററായ അഫ്ഗാൻ വിക്കറ്റ് കീപ്പർ ഇക്രാം അലിയും 62 റൺസെടുത്ത റഹ്മത് ഷായും ചേർന്ന് രണ്ടാം വിക്കറ്റിൽ 133 റൺസ് കൂട്ടിച്ചേർത്ത് അഫ്ഗാനിസ്ഥാന് വിജയ പ്രതീക്ഷ പകർന്നു. മുൻ നായകൻ അസ്ഗർ അഫ്ഗാൻ 32 പന്തിൽ 40 റൺസും നജീബുള്ള സാദ്രൻ 31 റൺസും നേടി. എന്നാൽ മദ്ധ്യനിര ലക്ഷ്യബോധമില്ലാതെ വിക്കറ്റ് തുലച്ചപ്പോൾ അഫ്ഗാൻ പോരാട്ടം അവസാന പന്തിൽ 288 റൺസിൽ അവസാനിച്ചു. കരിയറിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ പത്താമനായി ബാറ്റ് ചെയ്ത് 17 പന്തിൽ 26 റൺസ് അടിച്ച സയീദ് ഷിർസാദിന്റെ പ്രകടനം കാണികൾക്ക് വിരുന്നായി. അവസാന പന്തിൽ അതിമനോഹരമായ ഒരു ക്യാച്ചിലൂടെ ഷിർസാദിനെ ഫാബിയൻ അലൻ മടക്കുകയായിരുന്നു.
വിൻഡീസ് ബൗളിംഗ് നിരയിൽ കാർലോസ് ബ്രാത്വെയ്റ്റ് 4 വിക്കറ്റുകളുമായി തിളങ്ങി. കെമർ റോഷ് 3 വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗിൽ പരാജയപ്പെട്ടുവെങ്കിലും 6 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി ഇക്രാം അലിയുടെ നിർണ്ണായക വിക്കറ്റ് വീഴ്ത്തിയ ക്രിസ് ഗെയ്ൽ ബൗളിംഗിൽ ശോഭിച്ചു.
വിൻഡീസ് നിരയിലെ ടോപ് സ്കോറർ ഷായ് ഹോപാണ് മാൻ ഓഫ് ദ് മാച്ച്
Discussion about this post