ബജറ്റ് അവതരണ ദിവസം ധനമന്ത്രിമാരായിരിക്കും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം.ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയുടെ ചിത്രങ്ങളും ബജറ്റ് രേഖകള്‍ അടങ്ങിയ ബ്രീഫ്കേസ് മുതല്‍ ധനമന്ത്രിയുടെ വസ്ത്രം വരെ ക്യാമറാകണ്ണുകള്‍ ഒപ്പിയെടുക്കും.
എന്നാല്‍ ഇന്ന് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്മ്മലാസീതാരാമന് അവതരിപ്പിക്കുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അവരുടെ വസ്ത്രധാരണത്തിലും അവരുടെ ബജറ്റ് രേഖകള്‍ അടങ്ങിയ ആ ചുവന്ന തുണിയിലായിരുന്നു.
ബജറ്റ് അവതരിപ്പിക്കാനെത്തുന്ന ധനമന്ത്രിമാര്‍ കൈയില്‍ ബജറ്റ് രേഖകള്‍ അടങ്ങുന്ന തുകല്‍ പെട്ടി കരുതുന്നത് പതിവാണ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ചരിത്രമാണ് ഈ പെട്ടിക്ക് പിന്നിലുള്ളത്. ഫ്രഞ്ച് വാക്കായ ബഗറ്റില് നിന്നാണ് ബജറ്റ് എന്ന വാക്കുണ്ടായത്. ബഗറ്റിന്റെ അര്‍ത്ഥം തുകല്‍ ബാഗ് എന്നാണ്. അതുകൊണ്ടാകാം വര്‍ഷങ്ങളായി ഇന്ത്യയിലെയും ബ്രിട്ടനിലെയും ധനമന്ത്രിമാര്‍ ബജറ്റ് അവതരിപ്പിക്കാനെത്തുമ്പോള്‍ ബാഗ് കൈയില്‍ കരുതുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
1970കളില്‍ യശ്വന്ത് റാവു ചവാനും ഇന്ദിര ഗാന്ധിയും മാറ്റങ്ങള്‍ വരുത്തിയ പ്രത്യേക സ്ട്രാപ്പും ബക്കിളുമുണ്ടായിരുന്ന ബജറ്റ് പെട്ടിയാണ് ഉപയോഗിച്ചത്. ധനമന്ത്രി തന്നെയാണ് ബജറ്റ് പെട്ടികള്‍ തെരഞ്ഞെടുക്കുന്നത്. മന്ത്രാലയം നിര്‍ദേശിക്കുന്ന നിറങ്ങളില്‍ നിന്ന് മന്ത്രി ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുകയാണ് രീതി.
എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന് പുറപ്പെട്ടത് ഇങ്ങനെയായിരുന്നു.ബ്രീഫ്കേസിന് പകരം ദേശീയ ചിഹ്നം പതിച്ച ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് രേഖകള്‍ കൊണ്ടു പോയത്.
Discussion about this post