ലീഡ്സ്: രോഹിത് ശർമ്മയുടെയു ലോകേഷ് രാഹുലിന്റെയും സെഞ്ചുറികളുടെ കരുത്തിൽ ശ്രീലങ്കയ്ക്കെതിരെ 7 വിക്കറ്റിന്റെ ഗംഭീര വിജയവുമായി ഇന്ത്യ. ശ്രീലങ്ക ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 43.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അനായാസം മറി കടന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക മുൻ നായകൻ എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. 113 റൺസെടുത്ത മാത്യൂസിന് പുറമെ 53 റൺസെടുത്ത ലാഹിരു തിരിമാനെയും ശ്രീലങ്കയ്ക്കായി പൊരുതി. മറ്റ് ബാറ്റ്സ്മാന്മാർക്കൊന്നും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര 10 ഓവറിൽ 2 മെയ്ഡൻ അടക്കം 37 റൺസ് മാത്രം വിട്ടു കൊടുത്ത് മാത്യൂസിന്റേതടക്കം 3 വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് തുടങ്ങിയവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് കാര്യങ്ങൾ വളരെ അനായാസമായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമ്മയും ലോകേഷ് രാഹുലും സെഞ്ചുറികൾ നേടി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 189 റൺസ് കൂട്ടിച്ചേർത്തു.
രോഹിത് 94 പന്തിൽ 103 റൺസും രാഹുൽ 111 റൺസും നേടി. രോഹിത് ശർമ്മ ഈ ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് നേടിയത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോക ക്രിക്കറ്റിലെ ആദ്യ താരമായി രോഹിത് മാറി. സെഞ്ചുറി പ്രകടനത്തോടെ ഈ ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിലും രോഹിത് മുന്നിലെത്തി. 9 മത്സരങ്ങളിൽ നിന്നും 647 റൺസാണ് രോഹിത് ശർമ്മയുടെ സമ്പാദ്യം.
ക്യാപ്റ്റൻ വിരാട് കോഹ്ലി 34 റൺസുമായും ഹാർദിക് പാണ്ഡ്യ 7 റൺസുമായും പുറത്താകാതെ നിന്നു. അവസാന മത്സരം ജയിച്ച് ആശ്വാസത്തോടെ മടങ്ങാമെന്ന ശ്രീലങ്കൻ മോഹം ഇതോടെ അവസാനിച്ചു.
ശ്രീലങ്കയ്ക്ക് വേണ്ടി ഇസിരു ഉദാന, കസുൻ രജിത, ലസിത് മലിംഗ തുടങ്ങിയവർ ഓരോ വിക്കറ്റ് വീഴ്ത്തി.
റെക്കോർഡ് പ്രകടനം കാഴ്ചവെച്ച രോഹിത് ശർമ്മയാണ് മാൻ ഓഫ് ദ് മാച്ച്.
Discussion about this post