സാമുദായിക വികാരങ്ങള്‍ ശക്തമായ ഉത്തര്‍ പ്രദേശിലെ മുസ്ലീം ജനതയ്ക്കു വേണ്ടി ഇഫ്താര്‍ വിരുന്നുകളും ഈദ് മിലന് പരിപാടികളും ഒരുക്കി ആര്‍എസ്എസ്. സംസ്ഥാനത്തെ ആദ്യത്തെ ഇഫ്താര്‍ വിരുന്ന് വരുന്ന ചൊവ്വാഴ്ച മൊറാദാബാദില്‍ വച്ച് നടത്തും. നേരത്തെ ഡല്‍ഹിയിലും ആര്‍എസ്എസ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയിരുന്നു.
ഇതിനു പുറമേ ആര്എസിഎസിനു കീഴിലുള്ള സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചും മത പണ്ഡിതന്മാരുടെ അഖിലേന്ത്യാ സംഗമം ലക്നൗവില്‍ നടത്തുന്നുണ്ട്. ഉന്നൗ, കാന്‍പൂര്‍, ബാരാബങ്കി, സീതാപൂര്‍, ഹര്ദൊയി എന്നീ ജില്ലകളിലെ മുസ്ലീങ്ങള്‍ക്കായി അടുത്തയാഴ്ച ഇഫ്താര്‍ വിരുന്നൊരുക്കുമെന്ന് എംആര്‍എം ദേശീയ കണ്‍വീനറും ആര്‍എസ്എസ് പ്രചാരകുമായ മഹിരാജ് ധ്വജ് സിങ് അറിയിച്ചു. സമൂഹത്തില്‍ സഹവര്‍ത്തിത്വത്തിന്റെ സന്ദേശം നല്‍കാനാണ് ഇത്തരം ഇഫ്താറുകള്‍ നടത്തുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതു ജനങ്ങള്‍ക്കു വേണ്ടിയായിരിക്കും ഇഫ്താറുകള്‍ ഒരുക്കുന്നത്. മതനേതാക്കന്മാരും പണ്ഡിതന്മാരും മതപ്രഭാഷണങ്ങള്‍ നടത്തും. ഈദ് മിലന് പരിപാടിയില്‍ വിവിധ മതത്തില്‍പ്പെട്ട ജനങ്ങള്‍ പങ്കെടുക്കും. സമുദായങ്ങള്‍ തമ്മില്‍ ആക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ പറ്റി അരമണിക്കൂര്‍ നീണ്ട് ചര്‍ച്ചയും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജൂലൈ 18ന് ലക്നൗ, കാന്‍പൂര്‍, ഗോരഖ്പൂര്‍, അലഹബാദ്, വാരണാസി, മിര്‍സാപൂര്‍, ബാന്‍ഡ, ഝാസി, ആഗ്ര, അലിഗഢ്, മൊറാദാബാദ്, സഹരണ്‍പൂര്‍, മുസ്സാഫര്‍നഗര്‍ , ബറേലി എന്നിവിടങ്ങളിലാണ് ഈദ് മിലന് പരിപാടി നടത്തുന്നത്.
ഉലേമാ സംഗമത്തിലെ പ്രഭാഷണങ്ങളില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്ന് മഹിരാജ് ധ്വജ് സിങ് അറിയിച്ചു.
Discussion about this post