ഇന്നലെ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ് വീണ്ടും നിലപാട് മാറ്റി. ഇന്ന് മുംബൈയ്ക്ക് തിരികെപ്പോയ വിമതൻ കെ സുധാകറിനൊപ്പം എംടിബി നാഗരാജും പോയിട്ടുണ്ട്. ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ അശോകയ്ക്ക് ഒപ്പമാണ് എംടിബി നാഗരാജ് വിമാനത്താവളത്തിലെത്തിയത്.
ഇന്നലെ മുഖ്യമന്ത്രി കുമാരസ്വാമിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് രാജി പിൻവലിക്കുന്നതായി മുൻ മന്ത്രി കൂടിയായിരുന്ന എംടിബി നാഗരാജ് പ്രഖ്യാപിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് എംടിബിയുടെ വീട്ടിലെത്തിയ ഡി കെ ശിവകുമാർ നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് സിദ്ധരാമയ്യയെ കാണാൻ തയ്യാറായത്. അതിന് ശേഷം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എംടിബി നാഗരാജിനെ കാണാനെത്തി. ഈ മാരത്തൺ ചർച്ചകൾക്കെല്ലാം ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമതൻ തയ്യാറായത്.
നാഗരാജിനൊപ്പം രാജി വച്ച കെ സുധാകറും രാജി പിൻവലിക്കുമെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ നാഗരാജ് പറഞ്ഞിരുന്നു. രണ്ട് പേരെ തിരിച്ചെത്തിക്കാനായതിന്റെ ആശ്വാസത്തിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യനേതൃത്വം ബാക്കിയുള്ളവരുമായി ചർച്ചകൾ നടത്തുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി.
Discussion about this post