ലണ്ടൻ: ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിൽ നിർണ്ണായക വകുപ്പുകളിൽ മൂന്ന് ഇന്ത്യൻ വംശജർ. പ്രീതി പട്ടേൽ, ഋഷി സുനാക്, അലോക് ശർമ്മ എന്നിവരാണ് ബ്രിട്ടീഷ് മന്ത്രിസഭയിലെ ഇന്ത്യൻ വംശജർ.
ബ്രിട്ടണിലെ ആദ്യ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറിയായാണ് പ്രീതി പട്ടേൽ സ്ഥാനമേറ്റെടുത്തിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി അംഗമായ പ്രീതി തെരേസ മേയ് സർക്കാരിൽ അന്താരാഷ്ട്ര വികസനവകുപ്പ് സെക്രട്ടറിയായിരുന്നു. ബോറിസ് ജോൺസന്റെ അടുത്ത അനുയായിയും കടുത്ത ബ്രെക്സിറ്റ് വാദിയുമാണ് പ്രീതി.
റിച്ച്മണ്ടിലെ പാർലമെന്റംഗമാണ് ഋഷി സുനാക്. ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായാണ് നിയമനം. മുൻപ് തദ്ദേശഭരണ വകുപ്പിൽ ജൂനിയർ മിനിസ്റ്ററായിരുന്നു. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ മരുമകനാണ് ഋഷി സുനാക്.
അലോക് ശർമ്മയ്ക്ക് അന്താരാഷ്ട്ര വികസനത്തിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായാണ് നിയമനം. വിദേശ രാജ്യങ്ങൾക്കുള്ള ബ്രിട്ടീഷ് സാമ്പത്തിക സഹായത്തിന്റെ ചുമതലയും അദ്ദേഹത്തിനാണ്. റീഡിംഗ് വെസ്റ്റിൽ നിന്നുള്ള എം പിയാണ് അലോക് ശർമ്മ.
ബ്രിട്ടന്റെ പതിനാലാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ബോറിസ് ജോൺസൺ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാണ്. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
Discussion about this post