വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. പെൺവാണിഭ സംഘം ഇതിനു പിന്നിലുണ്ടോ എന്ന സംശയവും ശക്തമാണ്. വാടകവീട് കേന്ദ്രീകരിച്ച് നിരവധി പേർ വന്നതായും പറയുന്നു. പിടിയിലായ പ്രതികളിൽ ചിലർ കഞ്ചാവ്, അടിപിടി കേസുകൾ ഉൾപ്പെടെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്സോ നിയമ പ്രകാരവും തട്ടിക്കൊണ്ടു പോകൽ, പീഡനം തുടങ്ങിയ വകുപ്പ് പ്രകാരവുമാണു കേസെടുത്തിരിക്കുന്നത്.
വടക്കഞ്ചേരി, വണ്ടാഴി, മുടപ്പല്ലൂർ, മംഗലംഡാം, പുതുക്കോട് മേഖല കേന്ദ്രീകരിച്ചു വിദ്യാലയങ്ങളിൽ കഞ്ചാവ് വിൽപന ഉൾപ്പെടെ നടത്തുന്ന സംഘങ്ങൾ വർധിച്ചിട്ടുണ്ട്. വിദ്യാർഥികളെ തന്നെ വിൽപനക്കാരാക്കുന്ന സംഘങ്ങളുമുണ്ട്.
ഇത്തരം സംഘങ്ങൾ പെൺകുട്ടികളെ വലയിലാക്കുന്നതും വർധിച്ചു. പല സംഭവങ്ങളും പൊലീസിൽ എത്താതെ വീട്ടുകാർ ഒത്തുതീർപ്പാക്കി വിടുന്നുണ്ട്. ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യയുടെയും വടക്കഞ്ചേരി സിഐ ബി.സന്തോഷിന്റെയും നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Discussion about this post