വാട്സാപ്പ് ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കുന്നത് കുറ്റകരമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തിനും ആഴ്ചകൾക്ക് മുൻപേ തുടങ്ങിയതാണ് ഇത്തരം പ്രചാരണങ്ങൾ. എന്നാൽ അതിന്റെ വാസ്തവം ഇതാണ്.
ദേശീയ പതാക ഫേസ്ബുക്കിലോ വാട്സാപ്പിലോ പ്രൊഫൈൽ ചിത്രമാക്കുന്നത് യാതൊരു തരത്തിലും കുറ്റകരമല്ല. എപ്പോൾ വേണമെങ്കിലും ദേശീയ പതാക നമുക്ക് പ്രൊഫൈൽ ചിത്രമാക്കാവുന്നതാണ്. പക്ഷേ അത് പതാകയെ അപമാനിക്കുന്ന വിധത്തിലാകരുതെന്ന് മാത്രം.
പതാക ഉപയോഗിക്കുമ്പോൾ രാജ്യത്തെ അപമാനിക്കുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ല. പതാകയിൽ ഒന്നും എഴുതി ഉപയോഗിക്കാനും അനുവാദമില്ല. അഴുക്കും കേടുപാടുള്ളതുമായ പതാകകൾ പ്രദർശിപ്പിക്കരുത്. കുങ്കുമ നിറം താഴെ വരുന്ന രീതിയിലും പതാക ഉപയോഗിക്കാൻ പാടില്ലെന്ന് 1971ലെ ദേശീയ മഹിമാ അപകീർത്തി നിരോധന നിയമവും 2002ലെ ഇന്ത്യൻ പതാകാ ചട്ടവും അനുശാസിക്കുന്നു.
അതായത് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ചിഹ്നമായി ഉപയോഗിക്കൂന്നത് കുറ്റകരമല്ലെന്ന് മാത്രമല്ല, അത് നമ്മുടെ അവകാശവും അഭിമാനവും കൂടിയാണ്.
Discussion about this post