കൊച്ചി: സിറോ മലബാര്‍ സഭയില്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട് കന്യാസ്ത്രീകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായാണ് സഭ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നതായ വാര്‍ത്ത മാതൃഭൂമി പത്രമാണ് പുറത്ത് വിട്ടത്.. എറണാകുളം അങ്കമാലി അതിരൂപതയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ കന്യാസ്ത്രീകളുടെ എണ്ണം മൊത്തം വിശ്വാസികളുടെ എണ്ണത്തിന്റെ 6.25 ശതമാനമാണ്. അതേസമയം കന്യാസ്ത്രീകളാകാന്‍ പരിശീലനം നേടുന്നവരുടെ എണ്ണമാകട്ടെ 0.19 ശതമാനം മാത്രം. വൈദികര്‍ 1.6 ശതമാനമാണെങ്കില്‍ വൈദികാര്‍ത്ഥികള്‍ 0.67 ശതമാനം മാത്രം.
സഭയില്‍ ദൈവവിളി കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സര്‍വേ നടത്തിയത്. അതിരൂപതയിലെ 16 ഫൊറോനകളിലെ 1,09,530 കുടുംബങ്ങളില്‍ 1755 വൈദികരും 6842 കന്യാസ്ത്രീകളുമുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. പള്ളിപ്പുറം ഫൊറോനയിലാണ് ഏറ്റവുമധികം വൈദികരുള്ളത് 112 പേര്. കുറവ് 32 പേരുള്ള ഇടപ്പള്ളിയിലും. കന്യാസ്ത്രീകളുടെ കാര്യത്തില്‍ 507 പേരുള്ള കറുകുറ്റിയാണ് മുന്നില്‍. കുറവ് 88 പേരുള്ള ഇടപ്പള്ളിയും. വൈദികരാകാന്‍ അതിരൂപതയില്‍ ആകെ പഠിക്കുന്നത് 739 പേര് മാത്രം. ഏറ്റവുമധികം മഞ്ഞപ്രയിലാണ്, 90 പേര്. കുറവ് 25 പേരുള്ള എറണാകുളം ഫൊറോനയാണ്.
കന്യാസ്ത്രീയാകാന്‍ പഠിക്കുന്നത് ആകെ 209 പേരാണ്. 17 പേരുള്ള കറുകുറ്റിയാണ് മുന്നില്‍. ഏറ്റവും കുറവുള്ള ഇടപ്പള്ളി ഫൊറോനയില്‍ 8176 കുടുംബങ്ങളിലായി ആകെ നാലുപേരാണ് കന്യാസ്ത്രീയാകാന്‍ ചേര്‍ന്നിരിക്കുന്നത്. 9100 കുടുംബമുള്ള എറണാകുളത്ത് 6 പേരാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുടെ എണ്ണം കുറയുന്നതും നഗരവത്കരണവും ആണ് ദൈവവിളി കുറയാന്‍ കാരണമായി സഭ വിലയിരുത്തുന്നത്. കന്യാസ്ത്രീ മഠങ്ങളില്‍ പുതുതായി ആളുകളില്ലാത്തതിനാല്‍ പലയിടത്തും പരിശീലന കേന്ദ്രങ്ങള്‍ പൂട്ടേണ്ട സ്ഥിതിയിലാണ്. പല മഠങ്ങളും വിവിധ പരിശീലന കേന്ദ്രങ്ങള്‍ ആക്കി മാറ്റിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.
കന്യാസ്ത്രീകളും, വൈദികരും ആകാന്‍ ആളുകളില്‍ ആഗോള തലത്തില്‍ തന്നെ താല്പര്യം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യൂറോപ്പിലും മറ്റും വിശ്വാസസമൂഹം നാസ്തികതയിലേക്ക് നീങ്ങുന്നതായും സഭ നടത്തിയ വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
Discussion about this post