ബംഗളൂരു: ഭാവിയിൽ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവിലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഭൂമിയ്ക്ക് മേൽ പതിക്കാൻ പോകുന്ന ഛിന്നഗ്രഹങ്ങളെ തടയാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. 2029 ഏപ്രിൽ 13ന് 99942 അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ്ആർ ചെയർമാൻ തന്റെ ആശങ്ക പങ്കുവച്ചത്.
‘ഛിന്നഗ്രഹങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അവ നമ്മെ മിസൈലുകൾ പോലെയോ തോക്കുകൾ പോലെയോ ഒന്നും വന്ന് ആക്രമിക്കില്ലായിരിക്കാം. എന്നാൽ, അവ ഭൂമിയെ അപകടത്തിലാക്കുന്ന രീതിയിൽ വന്ന് ഇടിച്ചേക്കാം. അതിനാൽ തന്നെ നാം അവയ്ക്ക് നേരെ പ്രതിരോധം തീർക്കേണ്ടത് അത്യാവശ്യമാണ്. ഛിന്നഗ്രഹങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ ഒരു രാജ്യത്തിനും ഒറ്റക്ക് സാധിക്കില്ല. അതിനാൽ തന്നെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടതുണ്ട്’- അദ്ദേഹം പറഞ്ഞു.
പ്രപഞ്ചത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഛിന്നഗ്രഹങ്ങളുടെ കൂട്ടിയിടി സർവസാധാരണമാണ്. ഇതിന് മുൻപും ഇവ ഭൂമിയ്ക്ക് അടുത്തെത്തുന്നതും കൂട്ടിയിക്കുന്നതും ഉണ്ടായിട്ടുണ്ട്. വ്യാഴത്തിൽ ഷൂമേക്കർ ലെവി എന്ന വാൽനക്ഷത്രം കൂട്ടിയിടിക്കുന്നത് താൻ കണ്ടിട്ടുണ്ട്. എന്നാൽ, അതുപോലെ ഒരു കൂട്ടിയിടി ഭൂമിയിൽ ഉണ്ടായാൽ സർവനാശം സംഭവിക്കുമെന്നും എസ് സോമനാഥ് വ്യക്തമാക്കി. ഇത്തരം ദുരന്തങ്ങളെ നമുക്ക് തടയാനാൻ ആവില്ലെങ്കിലും ഭൂമിയ്ക്ക് നേരെ വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യ നമുക്ക് വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post