വസ്ത്രങ്ങൾ പോലെ തന്നെ നമ്മുടെ ഫാഷന്റെ ഭാഗമാണ് ഷൂസുകൾ. കാലുകളെ പൂർണമായും സംരക്ഷിക്കുന്ന ഷൂസുകൾ ആണും പെണ്ണും ഒരു പോലെ ഉപയോഗിക്കാറുണ്ട്. ചെരിപ്പിനെക്കാൾ കൂടുതൽ കാലം ഉപയോഗിക്കാം എന്നത് ഷൂസുകളെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. അതുകൊണ്ടുതന്നെ വില നോക്കാതെ ഷൂസുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്.
എന്നാൽ ഷൂസ് ധരിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇതിനുള്ളിലെ ദുർഗന്ധം. കാലുകളിലെ വിയർപ്പാണ് ഈ ദുർഗന്ധത്തിന് കാരണം ആകുന്നത്. ഷൂസ് അഴിക്കുമ്പോഴാണ് ഈ ദുർഗന്ധം പുറത്തുവരിക. മഴക്കാലമായാൽ ഈ ദുർഗന്ധം കൂടുതൽ രൂക്ഷമാകും. ഇത് മഴക്കാലത്ത് ഷൂസ് ഒഴിവാക്കാൻ നമ്മളെ പ്രേരിപ്പിക്കും. എന്നിൽ വീട്ടിനുള്ളിലെ ചില വസ്തുക്കൾ ഉപയോഗിച്ച് ഈ പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാം.
ഷൂസിലെ നാറ്റം അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ഓറഞ്ചിന്റെ തൊലി. ഷൂസ് അഴിച്ച ശേഷം ഇതിലെ ജലാംശം മൊത്തം തുടച്ച് നീക്കണം. ശേഷം ഓറഞ്ചിന്റെ തൊലി അതിനുള്ളിൽ ഇട്ടുവയ്ക്കുക. ഒരു രാത്രി മുഴുവനും ഇത്തരത്തിൽ വയ്ക്കണം. ഓറഞ്ചിന്റെ തൊലിയ്ക്ക് ഷൂസിനുള്ളിലെ ദുർഗന്ധം അകറ്റാൻ കഴിയും.
വാനില എസൺസ് ഉപയോഗിച്ച് നമുക്ക് ഷൂസിന്റെ ദുർഗന്ധം ഇല്ലാതാക്കാൻ സാധിക്കും. ഒരു ടീസ് സ്പൂൺ വാനില എസൻസിൽ അര ടീസ് സ്പൂൺ വെള്ളം ചേർക്കുക. കോട്ടൻ എടുത്ത് ഈ വെള്ളത്തിൽ മുക്കിയ ശേഷം ഷൂസിൽ വയ്ക്കാം. ദുർഗന്ധം മാറികിട്ടും.
ഷൂസിലെ നാറ്റം അകറ്റാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാം. ഒന്നോ രണ്ടോ ടീസ്പൂൺ ബേക്കിംഗ് സോഡ ഷൂവിലിട്ടു കൊടുക്കുക. ശേഷം നന്നായി കുലുക്കുക. ഒരു രാത്രി മുഴുവൻ ഇങ്ങിനെ വച്ച ശേഷം ഷൂസ് തുടച്ച് വൃത്തിയാക്കാം. സമാന രീതിയിൽ കാപ്പിപ്പൊടിയിട്ട് വച്ചും ഷൂസിലെ ദുർഗന്ധം അകറ്റാം.
ഷൂസിലെ ദുർഗന്ധം തടയാൻ ടീ ബാഗുകൾ ഉപയോഗിക്കാം. ഷൂസിലെ നനവ് തുടച്ച് മാറ്റിയ ശേഷം വേണം ടീ ബാഗുകൾ വയ്ക്കാൻ. ഒരു ദിവസം ഇത്തരത്തിൽ വച്ച ശേഷം ഷൂസ് ഉപയോഗിക്കാം. ഷൂസിനുള്ളിൽ മുഖത്ത് ഉപയോഗിക്കുന്ന ടാൽക്ം പൗഡറും ഇട്ട് കൊടുക്കാം.
Discussion about this post