ലണ്ടൻ: ബ്രിട്ടൻ തിരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർത്ഥിക്ക് ഐതിഹാസിക വിജയം. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിൽ ലേബർ പാർട്ടിയുടെ മലയാളി സ്ഥാനാർത്ഥി സോജൻ ജോസഫ് വിജയിച്ചു. യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളിയാണ് സോജൻ ജോസഫ്. ബ്രിട്ടീഷ് മുൻ ഉപപ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയുമായ ഡാമിയൻ ഗ്രീനിനെയാണ് സോജൻ ജോസഫ് പരാജയപ്പെടുത്തിയത്.
കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ഇവിടെ സോജൻ ജോസഫ് 1779 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സോജൻ 15262 വോട്ടും കൺസർവേറ്റീവ് സ്ഥാനാർഥി ഡാമിൻ ഗ്രീൻ 13483 വോട്ടും നേടി. ഇവിടെ റിഫോം യുകെ പാർട്ടി 10141 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി.139 വർഷം മുമ്പ് ആഷ്‌ഫോർഡ് മണ്ഡലം രൂപീകരിച്ചശേഷം ഇതാദ്യമായിട്ടാണ് ലേബർ പാർട്ടി സ്ഥാനാർത്ഥി വിജയിക്കുന്നത്.
ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെൻറൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് സോജൻ ജോസഫ്. 2002 മുതൽ പൊതുരംഗത്ത് പ്രവർത്തിച്ചുവരികയാണ് അദ്ദേഹം.49 കാരനായ സോജൻ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിൻറെയും പരേതയായഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്. ബംഗളുരൂവിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ ഇ കോളജിലെ പൂർവവിദ്യാർഥിയാണ്.
Discussion about this post