മോദിയുടെ സന്ദര്‍ശനത്തെ ഏറെ ആഹ്ലാദത്തോടെ വരവേല്‍ക്കുകയാണ് യുഎഇയിലെ ഇന്ത്യന്‍ ബിസിനസ് രംഗം. ഇന്ത്യാ-യുഎഇ ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നും, നയന്ത്രതലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും വ്യാപാര ലോകം വിലയിരുത്തുന്നു. യുഎഇ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഏറ്റുവാങ്ങുന്നത് യുഎഇയിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമുള്ള ബഹുമതിയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി പറയുന്നു.
ഈ സന്ദര്‍ശനം ചരിത്രമാകും. എണ്ണ മേഖലയിലും വ്യാപാര വ്യവസായ രംഗത്തും അടിസ്ഥാന സൗകര്യ വികസനം മുതല്‍ വിനോദ സഞ്ചാര, വ്യോമയാന മേഖല വരെയുള്ള യുഎഇ ഇന്ത്യ ബന്ധത്തിന്റെ സുവര്‍ണ കാലഘട്ടമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള സൗഹൃദവും സാമൂഹികസാംസ്കാരിക ബന്ധവും ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ കൂട്ടുകെട്ട് ശക്തിപ്പെടുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി. റുപേ കാര്‍ഡ് പുറത്തിറക്കുന്നത് വര്‍ഷം തോറും യുഎഇയിലെത്തുന്ന ഇന്ത്യന്‍ പൗരന്മാര്ക്കു ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
”അടുത്ത വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നൂറ് ബില്ല്യണ്‍ ഡോളറിന്റേതായി വര്‍ധിക്കുമെന്ന് കരുതുന്നു. ഇന്ത്യയിലേക്ക് അടിസ്ഥാനം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനെപ്പോലുള്ള കമ്പനികള്‍ക്കും ഇതു ഗുണകരമാകുമെന്നും യുഎഇയില്‍ നിന്നുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊണ്ടു കഴിയും”
ആസാദ് മൂപ്പന്
ദശാബ്ദങ്ങളായി തുടരുന്ന ഇന്ത്യയുഎഇ സാഹോദര്യ ബന്ധത്തിന്റെ ശക്തി തിരിച്ചറിഞ്ഞ യുഎഇ മോദിയെ ആദരിക്കുകയാണെന്ന് എന്‍എംസി ഹെല്‍ത്ത് കെയര്‍, ഫിനാബ്ലര്‍, ബിആര്‍എസ് വെഞ്ച്വര്‍,നിയോഫാര്‍മ എന്നിവയുടെ സ്ഥാപകനും ചെയര്‍മാനുമായി ഡോ.ബി.ആര് ഷെട്ടി പറഞ്ഞു. നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വത്തില്‍ ഇന്ത്യ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജന്മശതാബ്ദി വേളയില്‍ത്തന്നെ ഈ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ലഭിച്ചതില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ട്വന്റി 14 ഹോള്‍ഡിങ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് സന്ദര്‍ശനം കൂടുതല്‍ കരുത്തു പകരും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post