ന്യൂഡൽഹി: ഹജ്ജ് കർമ്മത്തിനിടെ കൊടും ചൂടേറ്റ് മെക്കയിൽ മരണമടഞ്ഞ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 98 ആയി. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. കൊടും ചൂടിൽ ഗുരുതരമായ രോഗങ്ങൾ മൂർച്ഛിച്ചതും പ്രായാധിക്യവും മരണസംഖ്യ ഉയരാൻ കാരണമായതായും വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ അറിയിച്ചു. ഇത്തവണ ഇന്ത്യയിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയത് 1,75,000 പേരായിരുന്നു.
ഇന്ത്യയിൽ നിന്നും പോയവരിൽ 6 തീർത്ഥാടകർ മരിച്ചത് അറഫാ ദിനത്തിലായിരുന്നു. ഇവരിൽ 4 പേരും മരിച്ചത് അപകടത്തിൽ പെട്ടായിരുന്നുവെന്നും ജെയ്സ്വാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം ഈ വർഷം ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനിടെ മരിച്ച ആകെ തീർത്ഥാടകരുടെ എണ്ണം 1000 കടന്നു. ഇതിൽ ഈജിപ്തിൽ നിന്നും അനധികൃതമായി എത്തിയവരാണ് കൂടുതലും. കേരളത്തിൽ നിന്നും ഹജ്ജിന് പോയ 18,200 തീർത്ഥാടകരിൽ 12 പേർ മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
Discussion about this post