ഇസ്ലാമാബാദ്: പാകിസ്താനിൽ ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് മദ്ധ്യവയസ്‌കനെ ആൾക്കൂട്ടം കൊന്ന് തൂക്കി. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ സ്വാത് ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. പഞ്ചാബിലെ സിയാൽകോട്ട് സ്വദേശിയാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സിയാൽകോട്ട് സ്വദേശി ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് പ്രദേശത്ത് ചെറിയ തോതിൽ സംഘർഷം ആരംഭിച്ചിരുന്നു. ഇതറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇതിന് പിന്നാലെ രോഷാകുലരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന് മുൻപിൽ തടിച്ച് കൂടുകയായിരുന്നു. സിയാൽകോട്ട് സ്വദേശിയെ വിട്ട് കിട്ടണം എന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പോലീസ് ഈ ആവശ്യം നിഷേധിക്കുകയായിരുന്നു. ഇതോടെ രോഷാകുലരായ ജനങ്ങൾ പോലീസുകാർക്ക് നേരെ വെടിയുതിർത്തു. പോലീസും പ്രതിരോധിച്ചതോടെ വലിയ സംഘർഷം ആയിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെ പോലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കടന്ന് സിയാൽകോട്ട് സ്വദേശിയെ പിടിച്ചിറക്കി മർദ്ദിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ പിന്നീട് മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു.
Discussion about this post