കൊച്ചി: മഹാപ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തുന്ന സംസ്ഥാന സർക്കാരിനെതിരെ കർശന നിർദ്ദേശവുമായി ഹൈക്കോടതി. കഴിഞ്ഞ വർഷത്തെ പ്രളയബാധിതർക്ക് ധനസഹായം വൈകുന്നെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
പ്രളയത്തിന് ശേഷം ഒരു വർഷം കഴിഞ്ഞു. അപ്പീൽ അനുവദിച്ചിട്ടും നഷ്ടപരിഹാരം കിട്ടാത്തവർ നിരവധിയുണ്ട്. എത്ര പേർക്ക് നഷ്ടപരിഹാരം നൽകിയെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. പുതിയ അപേക്ഷകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം വിവരങ്ങൾ തയാറാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇത് പരിഗണിച്ച കോടതി, വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഒന്നര മാസം സമയം അനുവദിച്ചു.
കേന്ദ്രസർക്കാരിന്റെയും മറ്റ് സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനയായി ലഭിച്ച തുകകൾ കൃത്യമായി വിനിയോഗിക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്ന പൊതു ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് നിലവിലെ നിർദ്ദേശങ്ങൾ.
Discussion about this post