കമല്‍നാഥിനെതിരെ കലാപകൊടി ഉയര്‍ത്തിയ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ അന്തകനാകുമെന്ന് വിലയിരുത്തല്‍. തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ വെല്ലുവിളി. എന്നാല്‍ എന്ത് തന്നെ സംഭവിച്ചാലും സിന്ധ്യയെ സംസ്ഥാന അധ്യക്ഷനാക്കാനില്ലെന്ന കടുംപിടുത്തതിലാണ് കമല്‍നാഥും സംഘവും. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ മധ്യപ്രദേശില്‍ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുമെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ സിന്ധ്യ മധ്യപ്രദേശ് പിസിസി അധ്യക്ഷനെന്ന് കാണിച്ചുള്ള പോസ്റ്ററുകള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടു. സോണിയാഗാന്ധി മാധവ് റാവു സിന്ധ്യ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് ഈ പോസ്റ്ററില്‍ ഉള്ളത്.
സിന്ധ്യയ്ക്ക് പദവി നല്കാന് തയ്യാറായില്ലെങ്കില്‍ കൂട്ടരാജി വരെ ഉണ്ടാകുമെന്ന ഭീഷണിയില്‍ സിന്ധ്യ പക്ഷം ഉറച്ചു നില്‍ക്കുകയാണ്. വേണമെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപി സഹായത്തോടെ ഭരണം പിടിക്കണമെന്ന ചര്‍ച്ചകളും ഇവര്‍ക്കിടയില്‍ സജീവമാണ്. ഒന്നെങ്കില്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുക, അല്ലെങ്കില്‍ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഹകരിച്ച് ഭരണത്തിലെത്തുക എന്നതാണ് ഇവര്‍ക്ക് മുന്നിലുള്ള വഴിയെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. മുഖ്യമന്ത്രിയെ വീഴ്ത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശിയുടെ ചരിത്രം മധ്യപ്രദേശില്‍ ആവര്‍ത്തിക്കുമെന്നാണ് സിന്ധ്യയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 967 ല്‍ പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വിജയരാജെ അന്ന് കോണ്‍ഗ്രസിലെ ഡിപി മിശ്ര സര്‍ക്കാരിനെ താഴെയിറക്കിയിരുന്നു.
സിന്ധ്യ കുറച്ച് നാളുകളായി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചതും ബിജെപിയോടു അടുക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം സിന്ധ്യക്കെതിരെയുള്ള നിലപാടുമായി കമല്‍നാഥും, ദിഗ് വിജയ് സിംഗും ഹൈക്കമാന്റിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്വാളിയാര്‍ രാജകുടുംബാംഗമായ ജ്യോതിരാധിത്യ സിന്ധ്യയെ അധ്യക്ഷനാക്കി നിയമിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഇരുവരും സോണിയ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. പകരം ദളിത്, ആദിവാസി വിഭാഗങ്ങളില്‍ ഉള്ള മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷ സ്ഥാനത്ത് വരണമെന്നും അവര്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നു
സംസ്ഥാനത്ത് 40 ശതമാനവും ദളിത്, ആദിവാസി വിഭാഗങ്ങളായതിനാല്‍ അവരില്‍ നിന്നൊരു അധ്യക്ഷന്‍ എത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നേതൃത്വത്തിന്റെ ഈ നീക്കത്തിനെതിരെ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ചമ്പല്ഗ്വാളിയാര് മേഖലകളില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ സിന്ധ്യ അനുകൂല പക്ഷത്തിലെ നേതാക്കളെ ചാക്കിടാന്‍ ദിഗ് വിജയ് സിംഗിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നതും സിന്ധ്യ പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
Discussion about this post