ബിസിസിഐയുടെ നിയുക്ത പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്കു മുന്നിൽ സങ്കട ഹർജി സമർപ്പിച്ച് മുൻ താരം യുവരാജ് സിങ്.ഇന്ത്യൻ ക്യാപ്റ്റനിൽനിന്നു ബോർഡ് പ്രസിഡന്റിലേക്കുള്ള യാത്രയിൽ എല്ലാ ആശംസകളും നേരുന്നതിനിടെ തമാശരൂപേണയാണു യുവരാജ് തന്നെ വേദനിപ്പിച്ച സംഭവം ഗാംഗുലിക്കു മുന്നിൽ അവതരിപ്പിച്ചത്.
ഇന്ത്യൻ ടീമിലേക്കു പ്രവേശനം കിട്ടാൻ, ശരീരക്ഷമത തെളിയിക്കുന്നതിനുള്ള യോയൊ പരീക്ഷ കടക്കണമെന്നു നിർബന്ധമാണ്. യുവരാജിന്റെ കരിയറിന്റെ അവസാനകാലത്താണു യോയൊ കൊണ്ടുവരുന്നത്.
കഴിഞ്ഞ വർഷം താരം വിരമിക്കൽ പ്രഖ്യാപിക്കുന്നതിനു മുൻപു ബിസിസിഐയെ ബന്ധപ്പെട്ടിരുന്നു. വിടവാങ്ങൽ മത്സരത്തിന് അവസരം നൽകണമെന്ന് അഭ്യർഥിച്ചു. യോയൊ ടെസ്റ്റിൽ പരാജയപ്പെട്ടാൽ വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം.
പക്ഷേ, യുവരാജ് യോയൊ പാസ്സായി. എന്നാൽ, അതിനുശേഷം ടീമിൽ അവസരം കിട്ടിയതുമില്ല. അതോടെ, കഴിഞ്ഞ ജൂണിൽ വിരമിക്കൽ പ്രഖ്യാപിച്ചു.ഗാംഗുലി പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ തനിക്ക് അനുകൂലമായി സംഭവിക്കുമായിരുന്നുവെന്നാണു യുവരാജ് ട്വിറ്ററിൽ കുറിച്ചത്.
ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണു യുവരാജ് രാജ്യത്തിനായി മാസ്മരിക പ്രകടനം നടത്തിയത്.2002ൽ ഇംഗ്ലണ്ടിൽ നടന്ന നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിൽ യുവരാജ് – മുഹമ്മദ് കൈഫ് സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചപ്പോൾ ലോർഡ്സിലെ ബാൽക്കണിയിൽ ജഴ്സിയൂരി ആഹ്ലാദപ്രകടനം നടത്തിയ ഗാംഗുലിയുടെ ചിത്രം ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ട്.
Discussion about this post