എം.ജി. സർവകലാശാലയിലെ മാർക്കുദാന വിവാദത്തി ൽ സർക്കാർ പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നു. ബി.ടെക്. പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റ കുട്ടികൾക്ക് അധികമാർക്ക് നൽകി ജയിപ്പിച്ചത് പുനഃപരിശോധിക്കാനാണു താത്പര്യമെന്ന് സർക്കാർ സർവകലാശാലയെ അറിയിക്കും. സർവകലാശാല സ്വയംഭരണ സ്ഥാപനമായതിനാലാണ് നിർദേശത്തിനു പകരം താത്പര്യമെന്ന നിലയിൽ ഇക്കാര്യമറിയിക്കുന്നത്.
മാർക്ക് ദാനംചെയ്യുന്ന രീതിയോടുള്ള എതിർപ്പ് മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കിയെന്നാണു വിവരം. സർക്കാരിന് സർവകലാശാല നൽകിയ റിപ്പോർട്ടും അതിന്മേൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തിയ അഭിപ്രായവും അടിസ്ഥാനമാക്കിയായിരുന്നു ചർച്ച.
മന്ത്രിയുടെയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയോ ഇടപെടൽ മാർക്കുദാനത്തിൽ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലാണ് ചർച്ചയിലുണ്ടായത്. പരീക്ഷാഫലം വന്നശേഷം മാർക്കുദാനം നടന്നതിൽ ചട്ടലംഘനമുണ്ടെന്ന വിലയിരുത്തലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനുള്ളത്. അക്കാദമിക കൗൺസിൽവഴി ഈ നിർദേശം വരാതെ സിൻഡിക്കേറ്റ് നേരിട്ട് മാർക്ക് നൽകിയതിലും ചട്ടലംഘനമുണ്ട്.
സിൻഡിക്കേറ്റിന് ഇതിനുള്ള അധികാരമില്ല. എന്നാൽ, ഇതൊന്നും മന്ത്രിയുടെയോ മന്ത്രിയുടെ ഓഫീസിന്റെയോ സമ്മർദത്തിലല്ലെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. ഈ നിലപാടിനോട് മുഖ്യമന്ത്രിയും യോജിച്ചതായാണറിയുന്നത്.
എന്നാൽ, 2012-ൽ കൊച്ചി, കാലിക്കറ്റ് സർവകലാശാലകൾ ഫലം വന്നശേഷം ബി.ടെക്. പരീക്ഷയ്ക്ക് മോഡറേഷൻ നൽകിയിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളിലും അക്കാദമിക് കൗൺസിലിൽ ശുപാർശയിലാണ് തീരുമാനമെടുത്തതെങ്കിലും ഫലപ്രഖ്യാപനത്തിനു ശേഷമുള്ള മാർക്കുദാനം ചട്ടലംഘനം തന്നെയാണെന്ന് സർക്കാർ വിലയിരുത്തി.
സിൻഡിക്കേറ്റിന്റെ തീരുമാനം സിൻഡിക്കേറ്റിനു മാത്രമേ തിരുത്താനാകൂ. അല്ലെങ്കിൽ ചാൻസലറായ ഗവർണർ തിരുത്തണം. ഇതൊക്കെ കണക്കിലെടുത്താണ് ഇക്കാര്യം സിൻഡിക്കേറ്റ് വീണ്ടും പരിശോധിക്കട്ടെയെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത്.
സർക്കാരിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താൽ സിൻഡിക്കേറ്റിനുമുന്നിൽ രണ്ടു വഴികളാണുള്ളത്. അധികമാർക്ക് നൽകാനെടുത്ത തീരുമാനം പിൻവലിക്കുക എന്നതാണ് ഒന്നാമത്തേത്. അധികമാർക്ക് നൽകേണ്ട ആവശ്യകത അക്കാദമിക് കൗൺസിലിന്റെ മുമ്പാകെ കൊണ്ടുവന്ന് തീരുമാനത്തിന് അംഗീകാരം വാങ്ങുകയെന്നതാണ് രണ്ടാമത്തെ മാർഗം.
Discussion about this post