അറബ് രാജ്യങ്ങളിൽ വീട്ടുജോലിക്ക് മനുഷ്യരെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിന് ഗൂഗിള്‍, ആപ്പിള്‍ ആപ്ലിക്കേഷനുകളും ഫേസ്ബുക്കും ഉപയോഗിക്കുന്നതായി റിപ്പോട്ടുകള്‍.ബിബിസിയുടെ അറബി വാര്‍ത്താ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
നിരവധി സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളാണ് ഓണ്‍ലൈന്‍ അടിമ വ്യാപാരത്തില്‍ സജീവമായിരിക്കുന്നത്. ഈ ആപ്ലിക്കേഷനുകള്‍ വഴി 3000 പൗണ്ട് മുടക്കി (ഏകദേശം 2.73 ലക്ഷം രൂപ) സ്ത്രീകളെ വാങ്ങാനാകും. ഓണ്‍ലൈനില്‍ അടിമ വ്യാപാരം പ്രോത്സാഹിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് അടിമത്വത്തിനെതിരായ യുഎന്‍ പ്രത്യേക വക്താവ് ഉര്‍മ്മിള ഫൂലെ പറഞ്ഞു.
ഗൾഫ് രാജ്യത്ത് പുതുതായി താമസത്തിനെത്തിയ ദമ്പതികളുടെ വേഷത്തിലാണ് ബിബിസി സംഘം അന്വേഷണം നടത്തിയത്. ജോലിക്കാരിക്ക് വേണ്ടി ഇവര്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ അന്വേഷിച്ചു. പലയിടത്തു നിന്നും ഇടനിലക്കാരുടെ സന്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തു. വൃത്തിയുള്ള പുഞ്ചിരിക്കുന്ന ആഫ്രിക്കക്കാരിയെന്നും ഒരു ദിവസം പോലും അവധിയെടുക്കാതെ പണിയെടുക്കുന്ന നേപ്പാളിയെന്നുമുള്ള വിശേഷണത്തില്‍ ഇടനിലക്കാര്‍ ജോലിക്കാരെ വില്ക്കാനെത്തുകയും ചെയ്തു.
ഭൂരിഭാഗം ഗള്‍ഫ് രാജ്യങ്ങളിലും വീട്ടുജോലിക്കാരെ ഏജന്‍സികള്‍ വഴിയാണ് ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഈ ഏജന്‍സികളാണ് വീട്ടുകാര്‍ക്ക് ജോലിക്കാരെ നല്‍കുന്നത്. ഈ വേലക്കാര്‍ക്ക് ഉടമയുടെ സമ്മതമില്ലാതെ ജോലിയില്‍ നിന്നും രാജിവെക്കാനോ രാജ്യം വിട്ടുപോകാനോ യാതൊരു അവസരവുമുണ്ടാകില്ല.
Discussion about this post