തിരുവനന്തപുരം: തിരുവനന്തപുരത്ത് പതാനാലുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അച്ഛന്റെ സുഹൃത്തുകള്‍ അറസ്റ്റില്‍. കുട്ടിയുടെ അച്ഛന് ഫോണ്‍ എടുത്തെന്നാരോപിച്ചാണ് കുട്ടിയെ തട്ടികൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത്. കൊലക്കേസ് പ്രതികളും അച്ഛന്റെ മുന്‍കാല സുഹൃത്തുകളുമായ അരുണ്‍, രാജേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. ആനയറയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
മര്‍ദ്ദനത്തില്‍ കുട്ടിയുടെ കൈയ്യും കാലു ഒടിഞ്ഞിട്ടുണ്ട്. കുട്ടിയെ ബലമായി ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലേക്കു കൊണ്ടുപോയശേഷം തടികഷ്ണം ഉപയോഗിച്ചു മര്‍ദ്ദിക്കുകയായിരുന്നു. ശേഷം വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിന്റെയും കുട്ടി കരയുന്നതിന്റെയും ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. വീട്ടിലേക്ക് ഫോണ്‍ സന്ദേശം എത്തിയതും വീട്ടുകാര്‍ ഇത് റെക്കോര്‍ഡു ചെയ്ത് പേട്ട പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ ഗുണ്ടാ സംഘത്തിന്റെ താവളത്തില്‍ എത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കുട്ടിയെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും പ്രവേശിപ്പിച്ചു. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
Discussion about this post