യുവനടന് ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. ഇതുവരെ ചെലവായ തുക ഷെയിനിൽ നിന്ന് ഈടാക്കും. രണ്ട് ചിത്രങ്ങൾക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ പണം നൽകാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് തീരുമാനം എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
ഇത്രയും മോശം അനുഭവം മറ്റൊരാളിൽ നിന്നും ഉണ്ടായിട്ടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ ആരോപിച്ചു. മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്നില് നിന്ന് ഉണ്ടായതെന്നും വിലക്കിന്റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന വേണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. മലയാളസിനിമയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണ്. പുതുതലമുറയിലാണ് ഉപയോഗം കൂടുതൽ. മലയാള സിനിമാരംഗത്ത് വ്യാപകമായി ലഹരിമരുന്ന് ഉപയോഗമുണ്ടെന്നും ആരോപണം വന്നിട്ടുണ്ട്.
വെയിൽ എന്ന സിനിമയുടെ ഷെഡ്യൂൾ ബ്രേക്കിനിടെ ഷെയ്ൻ മുടി വെട്ടിയതുമായി ബന്ധപ്പെട്ടാണ് ആദ്യം വിവാദം ഉടലെടുക്കുന്നത്. മുടി വെട്ടിയതിന് നിർമ്മാതാവ് വധഭീഷണി മുഴക്കുന്നുവെന്ന് ഷെയ്ൻ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു. തുടർന്ന് ചലച്ചിത്ര സംഘടനകളുടെ മദ്ധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ 15 ദിവസം വെയിൽ സിനിമ ചിത്രീകരിക്കാനായി നൽകാമെന്ന് ഷെയ്ൻ സമ്മതിച്ചു.
എന്നാൽ, കഴിഞ്ഞയിടെ ഷെയ്ൻ ഷൂട്ടിംഗിന് ചെല്ലാതിരുന്നത് വീണ്ടും വിവാദമായി. ഇത്തവണ സംവിധായകൻ ശരത്തിനെതിരെയാണ് ഷെയ്ൻ ആരോപണമുന്നയിച്ചത്. വെയിലിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ട് മാത്രം ഷെയിനിനെ ചിത്രങ്ങളിൽ അഭിനയിപ്പിച്ചാൽ മതിയെന്ന് നിർമ്മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഷെയ്ൻ മുടിയും താടിയും പറ്റെ വെട്ടിയത്.
ഇതൊന്നും കൂടാതെ ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരും നടനെതിരെ പരാതിയുമായി കഴിഞ്ഞദിവസം രംഗത്തെത്തി. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമ്മാതാക്കൾ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post