കാഠ്മണ്ഡു: പൊതുചര്‍ച്ചയില്‍ ജനങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ‘മതേതരത്വം’ എന്ന പ്രയോഗം നേപ്പാശിന്റെ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കും. സര്‍വേയില്‍ ഭൂരിപക്ഷവും മതേതരത്വം വേണ്ടെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. 80 ശതമാനത്തിലധികം ജനങ്ങള്‍ ഹിന്ദുമത വിശ്വാസികളായ നേപ്പാളില്‍ മതേതരത്വത്തിനുപകരം ‘ഹിന്ദു’വെന്നോ ‘മതസ്വാതന്ത്ര്യം’ എന്നോ നല്‍കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാളിനെ 2007ലാണ് മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചത്. യൂനിഫൈഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റിന്റെ (യു.സി.പി.എന്‍എം) നേതൃത്വത്തില്‍ അധികാരത്തിലേറിയ പീപ്ള്‍സ് മൂവ്മെന്റ് സര്‍ക്കാറാണ് ഈ പ്രഖ്യാപനം നടത്തിയത്. അന്ന് തന്നെ ഇതിനെതിരെ ജനകീയ വികാരം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ അഭിപ്രായ സര്‍വേയുടെ ഫലം അംഗീകരിച്ചുകൊണ്ട് സി.പി.എന്‍എം അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതേതരത്വം ഒഴിവാക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്.
സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികളുടെ നേതാക്കള്‍ ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഉപപ്രധാനമന്ത്രിയും നേപ്പാളീ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് മാന്‍ സിങ്ങാണ് ചൊവ്വാഴ്ച അറിയിച്ചത്.
ജനങ്ങളുടെ വികാരം മാനിച്ച് മതേതരത്വം എന്നതിനുപകരം കൂടുതല്‍ യോജിച്ച പദം കണ്ടെത്തി പുതിയ ഭരണഘടനയില്‍ ചേര്‍ക്കണമെന്ന് യു.സി.പി.എന്‍എം നേതാവ് പുഷ്പ കമാല്‍ ദഹാല്‍ എന്ന പ്രചണ്ഡ അഭിപ്രായപ്പെട്ടു.
പുതിയ ഭരണഘടനയെക്കുറിച്ച് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന അഭിപ്രായങ്ങളില്‍ ഭരണഘടനാ സഭയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി അല്ലെങ്കില്‍ പ്രസിഡന്റ് ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നവരാവണമെന്നാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന ആവശ്യം.
Discussion about this post