വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ശക്തമായ പോരാട്ടം ആരംഭിക്കുന്നതിന് ഐ.എസ് പദ്ധതിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാന്‍ വിഭാഗങ്ങളെ കൂട്ടുപിടിച്ചാവും ആക്രമണമെന്നും സൂചനയുണ്ട്. ഒരു പാകിസ്താന്‍ പൗരനില്‍നിന്നും പിടിച്ചെടുത്ത ഐ.എസിന്റേതെന്ന് കരുതപ്പെടുന്ന 32 പേജുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരുന്ന ലിപികളും എഴുതിയ കയ്യക്ഷരവും മറ്റ് ചിഹ്നങ്ങളും യു.എസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചിരുന്നു. നിലവില്‍ കണ്ടെടുത്ത ഐ.എസിന്റെ റിപ്പോര്‍ട്ടുകളുമായി ഇവയ്ക്ക് സാമ്യമുള്ളതായും റിപ്പോര്‍ട്ടിന്റെ ഉറവിടം ഐ.എസില്‍നിന്നാണെന്ന് വ്യക്തമായതായും യു.എസ് രഹസ്യാന്വേഷണ വിഭാഗം സാക്ഷ്യപ്പെടുത്തുന്നു.
‘ഇസ്ലാമിക് സ്‌റ്റേറ്റ് ഖലീഫയുടെ ചരിത്രം; പ്രവാചകന്റെ ദര്‍ശനങ്ങളിലെ ഖലീഫ’ എന്ന തലക്കെട്ടോടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാന്റെ കീഴിലുള്ള എല്ലാ വിഭാഗങ്ങളും ഒരു കുടക്കീഴില്‍ ഒരുങ്ങണമെന്ന ആഗ്രഹവും റിപ്പോര്‍ട്ട് പ്രകടിപ്പിക്കുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇതുവരെ പുറത്തുവരാത്ത ചരിത്രമാണ് കണ്ടെടുത്ത റിപ്പോര്‍ട്ടിലേതെന്നാണ് സൂചന. ഭാവിയില്‍ സംഘടന നടത്താനുദേശിക്കുന്ന പോരാട്ടങ്ങള്‍, അല്‍ ഖ്വയ്ദയെ സംഘടനയുമായി ലയിപ്പിക്കുന്നതിനുള്ള നടപടികള്‍, ഇവയ്ക്ക് പുറമെ ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിനെ ലോകത്തെ ഒരു ബില്യണ്‍ മുസ്ലിങ്ങളെ ഭരിക്കുന്ന ‘ഖലീഫ’ എന്ന പദവി നല്‍കി ആദരിക്കുന്നതായും വ്യക്തമാക്കുന്നു.
ഇന്ത്യയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് ഐ.എസ് പദ്ധതിയൊരുക്കുന്നതിന്റെ എല്ലാ തെളിവുകളും റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയെ ആക്രമിക്കുന്നത് അമേരിക്കയ്ക്ക് കണ്ടുനില്‍ക്കാനാവില്ല. എന്നാല്‍ അമേരിക്ക ഐ.എസിനെതിരെ എല്ലാ സന്നാഹങ്ങളുമായി പോരാട്ടത്തിനൊരുങ്ങിയാല്‍ ലോക മുസ്ലിം ജനങ്ങള്‍ ഒന്നിക്കുമെന്നും ഒരു മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ പോരാട്ടത്തിന് ലോകം വേദിയാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യു.എസുമായി നേരിട്ടുള്ള പോരാട്ടങ്ങളിലൂടെ ശക്തി ക്ഷയിപ്പിക്കുന്നതിന് പകരം അറബ് രാജ്യങ്ങളില്‍ സംഘടനയുടെ ശക്തി വര്‍ധിപ്പിക്കുന്നതിലൂടെ ഖലീഫ എന്ന വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കാനുമാണ് ഐ.എസ് നിലവില്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Discussion about this post