കോഴിക്കോട്: സ്കൂളില്‍ വച്ച് കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലാക്കാതെ അധ്യാപകരുടെ അനാസ്ഥ. തുടര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് അമ്മ സ്കൂളില്‍ എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടിയുടെ കാഴ്ചയെ കുറിച്ച് ഇപ്പോള്‍ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ എകെടിഎം സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി തന്‍വീറിന്റെ കണ്ണിനാണ് ഗുരുതര പരിക്കേറ്റത്. സഹപാഠിയുടെ പേന കൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ കണ്ണിന് പരിക്കേറ്റ കാര്യം രക്ഷിതാക്കളെ അറിയിച്ചത് ഒന്നര മണിക്കൂര്‍ വൈകി രണ്ടര മണിയോടെയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് മണിക്ക് സ്കൂളില്‍ എത്തിയ അമ്മയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
സ്കൂള്‍ അധികൃതര്‍ സമയത്ത് തന്നെ വിവരം അറിയിച്ചിരുന്നെങ്കില്‍ കുട്ടിക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കാമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നിലവില്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞു. കുട്ടിയുടെ കാഴ്ചയെ കുറിച്ച് ഇപ്പോള്‍ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
വയനാട്ടില്‍ ക്ലാസില്‍ പാമ്പു കടിയേറ്റ കുട്ടിക്ക് ചികിത്സ വൈകുകയും കുട്ടി മരിക്കുകയും ചെയ്ത സംഭവം വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
Discussion about this post