കൊച്ചി: നടന് ഷെയ്ന് നിഗത്തിന് ഇതരഭാഷാ സിനിമകളിലും വിലക്ക്. ഷെയ്നിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു സിനിമാ സംഘടനകളുടെ കൂട്ടായ്മയായ ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനു കത്തു നല്കി. നിര്‍മാതാക്കളുടെ കത്തിന്റെ അടിസ്ഥാനത്തിലാണു ഫിലിം ചേംബറിന്റെ നടപടി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണു വിലക്ക്.
നിര്‍മാതാക്കള്‍ക്കു മനോരോഗമാണെന്ന തരത്തില്‍ ഷെയ്ന് നടത്തിയ പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ചയുമാണു സിനിമാ സംഘടനകളെ പ്രകോപിപ്പിച്ചത്. ഇരുസംഘടനകളും ഇനി ചര്‍ച്ചയ്ക്കില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു.
ഷെയ്ന് തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തിയില്ലാതാക്കിയെന്നു നിര്‍മാതാക്കള്‍ പറഞ്ഞു. ഷെയ്ന് പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണു നിര്‍മാതാക്കള്‍. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം സംഘടനാതലത്തില്‍ തന്നെ രമ്യമായി പരിഹരിക്കുന്നതിനു പകരം സര്‍ക്കാരിനെക്കൂടി ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അമ്മ, ഫെഫ്ക സംഘടനകളുടെ പിന്മാറ്റം എന്നാണു സൂചന.
കഴിഞ്ഞ ദിവസം നടന് സിദ്ദിഖും ഇടവേള ബാബുവും ഇടപെട്ട് ഷെയ്നുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ അമ്മയോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നതനുസരിച്ചു മുന്നോട്ടുനീങ്ങുമെന്നും ഷെയ്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പുതിയ പ്രസ്താവനയോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞുവെന്നാണു നിര്‍മാതാക്കളുടെ സംഘടന നല്കുന്ന സൂചന.
തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയില് പങ്കെടുക്കാനെത്തിയ ഷെയ്ന് നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത ഭാഷയിലാണു പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തില്‍ മുടങ്ങിക്കിടക്കുന്ന സിനിമകളുടെ നിര്മാതാക്കള്ക്കുണ്ടായിട്ടുള്ള മനോവിഷമം എങ്ങനെ പരിഹരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണ് എന്നായിരുന്നു ഷെയ്നിന്റെ മറുപടി.
Discussion about this post