നിര്‍മ്മാതാക്കളുടെ സംഘടനയും- നടന് ഷെയ്ന് നിഗവുമായിട്ടുള്ള തര്‍ക്കത്തിന് പരിഹാരം കാണാന്‍ അടുത്ത മാസം ഒന്‍പതിന് എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് താരസംഘടനയായ ‘അമ്മ’. സംഘടനയുടെ ഇടപെടലോടെ പരിഹാരമാകുമെന്നാണ് സൂചന. കഴിഞ്ഞ 22ന് നടക്കേണ്ട ചര്‍ച്ച അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ തിരക്കുകള്‍ മൂലമാണ് നീണ്ടുപോയത്.
അതേസമയം വെയില് സിനിമയുടെ സംവിധായകന് ശരത്തും ഷെയ്നിന്റെ മാനേജറുമായും ഫോണില്‍ സംസാരിച്ചു. വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് സംവിധായകനെ ഷെയിനിന്റെ മാനേജര്‍ അറിയിച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അനുമതി കിട്ടിയാല്‍ ഉടന്‍ മുടങ്ങിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഷെയ്നിന്റെ മാനേജര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ നിര്‍മ്മാതാക്കളെ മനോരോഗികളെന്ന വിഷയത്തില്‍ ഷെയ്ന് പരസ്യമായി മാപ്പ് പറയാതെ വിട്ടു വീഴ്ചയ്ക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ഈ കാരണത്താല്‍ ആണ് അമ്മ വീണ്ടും പ്രശ്നത്തില്‍ ഇടപെടാന്‍ തീരുമാനിച്ചിട്ടുള്ളത്. നിര്‍മ്മാതാക്കളുടെ നിലപാട് പ്രശ്ന പരിഹാരത്തില്‍ നിര്‍ണ്ണായകമായിരിക്കും. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അമ്മ ഇടപെടേണ്ട സാഹചര്യമുണ്ടായത്.അതേസമയം ഇതിനകം സോഷ്യല്‍മീഡിയ മുഖേനയും ഇ-മെയില്‍ വഴിയും ഷെയ്ന് നിര്‍മ്മാതാക്കളോട് ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
ഷെയ്നിന് വിലക്ക് കല്‍പ്പിച്ചതോടെ മുടങ്ങിയ ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയില്, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാമെന്ന് ഷെയ്നെ വിളിച്ച് വരുത്തി രേഖാ മൂലം ഉറപ്പ് വാങ്ങുമെന്നും സൂചനയുണ്ട്. എന്തായാലും പ്രശ്നങ്ങള്‍ പരിഹരിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കുമെന്നാണ് ഒടുവില്‍ തീരുമാനമായിരിക്കുന്നത്.
Discussion about this post