തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളടക്കം അറസ്റ്റില്‍. സംസ്ഥാന പ്രസിഡന്റ് അടക്കം നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്ത് രാവിലെ മുതല്‍ ജനറല്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ജി.പി.ഒയുടെ പ്രധാന കവാടം അടച്ചാണ് സമരം നടത്തിയത്. സമരം സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ഹെഡ് പോസ്റ്റോഫീസ് ഉപരോധം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഉപരോധ സമരം തുടര്‍ന്നതോടെ ഹമീദ് വാണിയമ്ബലം, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, മുനീബ് കാരക്കുന്ന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
പാലക്കാട് ഹെഡ് പോസ്റ്റോഫീസ് ഉപരോധം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര ഉല്‍ഘാടനം ചെയ്തു. ഉപരോധ സമരത്തെ തുടര്‍ന്ന് പോസ്റ്റോഫീസിന്റെ പ്രവര്‍ത്തനം തടസപെട്ടു. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
കണ്ണൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് റസാഖ് പലേരി അടക്കം 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. സംസ്ഥാന ട്രഷറര്‍ പി.എ ഹക്കീം ഉദ്ഘാടനം ചെയ്തു.
Discussion about this post