പള്ളുരുത്തി: മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി മരിച്ചു. വൈപ്പിന്‍ നായരമ്പലം എ.ടി.എച്ചിന് കിഴക്കുവശം അറബന വീട്ടില്‍ തോമസ്(62)ആണ് മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ ജയിലധികൃതര്‍ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. ഇതിനുശേഷം തിരികെ ജയിലില്‍ എത്തിച്ച ഇയാള്‍ക്ക് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചതായി ഡോക്ടര്‍ പറഞ്ഞതായി മകന് ജോമോന് പറഞ്ഞു.ഭര്‍ത്താവിന് കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും മരണത്തില്‍ സംശയമുള്ളതായും ഭാര്യ മേരിയും പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് അനധികൃത മദ്യ വില്‍പ്പനയുടെ പേരില്‍ ഞാറയ്ക്കല്‍ എക്സൈസ് തോമസിനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. അസിസ്റ്റന്റ് കളക്ടര്‍ മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
Discussion about this post