ന്യൂയോര്‍ക്ക്: നയതന്ത്രജ്ഞരുടെ കശ്മീര്‍ സന്ദര്‍ശനം സുപ്രധാനമായ രാഷ്ട്രീയനീക്കമെന്ന് അമേരിക്ക. സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് പുറത്തുവിട്ട ട്വീറ്റിലാണ് ഇന്ത്യയെ അനുമോദിച്ചുകൊണ്ട് യുഎസ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ആസൂത്രണം ചെയ്ത കശ്മീര്‍ സന്ദര്‍ശനത്തില്‍ അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറെ കൂടാതെ 15 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കൂടെ പങ്കെടുത്തിരുന്നു.
അമേരിക്കയെ കൂടാതെ തെക്കന്‍ കൊറിയ, വിയറ്റ്നാം, ബംഗ്ലാദേശ്, മാല്ദ്വീവ്സ്, മൊറോക്കൊ, ഫിജി, നോര്‍വെ, ഫിലിപ്പൈന്‍സ്, അര്‍ജന്റീന, പെറു, നൈജീരിയ, ടോഗൊ, ഗുയാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളാണ് പങ്കെടുത്തത്.
താഴെത്തലത്തിലുള്ള നിരവധി പേരുമായി നയതന്ത്രപ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രാദേശിക രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് സംഘം സന്ദര്‍ശിച്ചത്. ഇതിനു മുമ്പ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വന്ന നയതന്ത്രപ്രവര്ത്തകരും ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കശ്മീരിന് സ്വതന്ത്രപദവി നല്കുന്ന അനുച്ഛേദം 370 റദ്ദാക്കിയ ശേഷം നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ സന്ദര്‍ശനമാണ് ഇത്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്, തെക്കേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പ്രതിനിധികളെയാണ് ക്ഷണിച്ചിരുന്നത്. കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കാനും ഇന്ത്യയുടെ നിലപാടിന് ആഗോള പിന്തുണ നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നയതന്ത്രപ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം.
Discussion about this post