ബറേലി: ജനസംഖ്യാ വർദ്ധനവ് വലിയ വെല്ലുവിളിയാണെന്നും അത് നേരിടാൻ നയരൂപീകരണം അനിവാര്യമാണെന്നും ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യാ വർദ്ധനവ് ഒരു പ്രശ്നമാണ് എന്നത് പോലെ തന്നെ അതിനെ ഒരു അവസരമായും കാണണം. അതിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്ക് എത്ര കുട്ടികൾ വരെ ആകാമെന്നത് തീരുമാനിക്കപ്പെടണമെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തിന്റെ വികസനം കൃത്യമായി നടപ്പിലാകണമെങ്കിൽ ഒരാൾക്ക് രണ്ട് കുട്ടികൾ എന്ന തോതിൽ ജനസംഖ്യ നിജപ്പെടുത്തണമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും മത വിഭാഗത്തെയോ സ്ഥാപനത്തെയോ അട്ടിമറിക്കാൻ തന്റെ പ്രസ്ഥാനം ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും തങ്ങൾ ഭരണഘടനയിൽ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും ഇവിടുത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നും ആർ എസ് എസ് വിശ്വസിക്കുന്നു. എന്നാൽ അത് വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസമാണ്. അതിന്റെ അർത്ഥം ആരെങ്കിലും മതം മാറണമെന്നല്ല. തന്റെ പ്രസ്ഥാനം ആരെയും മതതിന്റെയോ ഭാഷയുടെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വേർതിരിക്കുന്നില്ല. നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിന്റെ സംസ്കാരമെന്നും ഹിന്ദുത്വം എന്നാൽ സഹവർത്തിത്വമാണെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. മൊറാദാബാദിൽ ‘ഭവിഷ്യ കാ ഭാരത്‘ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകാരിക സമന്വയം അനിവാര്യമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നു. രാജ്യം നമ്മുടേതാണ് എന്ന ബോധമാവണം ആ വൈകാരികത. നമ്മൾ മഹാന്മാരായ പൂർവ്വികരുടെ പിന്മുറക്കാരാണ്. ആ ബോധത്തോടെ സഹവസിക്കാൻ നമുക്ക് സാധിക്കണം. അതാണ് നമ്മൾ വിഭാവനം ചെയ്യുന്ന ‘ഹിന്ദുത്വം‘. ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് വ്യാഖ്യാനിച്ചു.
Discussion about this post