ഗുവാഹത്തി: അസമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാനക്കരാര്‍ ഒപ്പുവച്ച് കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ചേര്‍ന്നാണ് കരാര്‍ ഒപ്പുവച്ചത്. ഈ കരാറിന്റെ ശില്പിയെന്ന് കരുതപ്പെടുന്ന, വടക്കുകിഴക്കിന്റെ ചുമതലയുള്ള, അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ചടങ്ങില്‍ പങ്കെടുത്തു.
അസമില്‍ നിന്ന് വേര്‍പെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ തീവ്രവാദികള്‍ ഈ മേഖലയില്‍ പതിറ്റാണ്ടുകള്‍ നടത്തിയ രക്തച്ചൊരിച്ചിലിന് ഈ കരാറോടെ അവസാനമാകും. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ബോഡോ മേഖലയ്ക്ക് 1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തല്ക്കാലം വേണ്ടെന്ന് വയ്ക്കുകയാണെന്ന് ബോഡോ തീവ്രവാദി സംഘടന വ്യക്തമാക്കുന്നു.
ഇത് ചരിത്രദിനമാണെന്നാണ് അമിത് ഷാ കരാര്‍ ഒപ്പുവച്ചതിനെക്കുറിച്ച് പ്രതികരിച്ചത്. ‘ചരിത്ര കരാറാണിത്. ബോഡോ മേഖലയെയും അസമിനെയും വികസനത്തിന്റെ വഴിയിലെത്തിക്കാന്‍ ഇത് വഴി കഴിയും. അസമിന്റെ അതിര്‍ത്തി രേഖകള്‍ ഒരിക്കലും മാറ്റി വരയ്ക്കപ്പെടില്ല. ബോഡോ ജനതയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും’, അമിത് ഷാ വ്യക്തമാക്കി.
Discussion about this post