ബേ ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ക്യാപ്റ്റന്‍ ആരെന്ന് വ്യക്തമാക്കി വൈസ് ക്യാപ്റ്റിന് രോഹിത് ശര്‍മ. ക്യാപ്റ്റന്‍ കൂളായ എം.എസ് ധോനിയാണ് മികച്ച നായകനെന്ന് രോഹിത് പറഞ്ഞു. ക്ഷമയാണ് ധോനിയെ മികച്ച ക്യാപ്റ്റനാക്കിയതെന്നും ഈ ക്ഷമയുള്ളതിനാലാണ് ധോനി പക്വതയേറിയ തീരുമാനങ്ങളെടുക്കുന്നതെന്നും രോഹിത് വ്യക്തമാക്കി.
രാജ്യത്തിന് വേണ്ടി പ്രധാന കിരീടങ്ങളെല്ലാം നേടിയ ധോനിയുടെ മികവില്‍ തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഐ.പി.എല്ലില്‍ തുടര്‍ച്ചയായി കിരീടങ്ങള്‍ നേടുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു,
‘യുവതാരങ്ങള്‍ ധോനിക്ക് കീഴില്‍ ഒരിക്കലും സമ്മര്‍ദ്ദത്തിന് അടിമപ്പെടില്ല. അങ്ങനെയുള്ള സമയങ്ങളില്‍ ധോനി യുവതാരങ്ങള്ക്കടുത്തേക്കു വന്ന് അവരുടെ തോളില്‍ കൈയിട്ട് സംസാരിക്കും. സാഹചര്യത്തിന് അനുസരിച്ച് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി പറഞ്ഞുകൊടുക്കും. ഇതു യുവതാരങ്ങളില്‍ ആത്മവിശ്വാസം കൂട്ടും’, രോഹിത് ചൂണ്ടിക്കാട്ടി.
ഐ.സി.സിയുടെ മൂന്നു കിരീടങ്ങളും നേടിയ ഏക ക്യാപ്റ്റനാണ് ധോനി. 2007-ല്‍ ധോനിക്ക് കീഴില്‍ ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടി. 2011-ല്‍ ഏകദിന ലോകകപ്പിലേക്കും 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലേക്കും ഇന്ത്യയെ നയിച്ചത് ധോനിയാണ്. ഐപിഎല്ലില്‍ ധോനിക്ക് കീഴില്‍ ചെന്നൈ മൂന്നു കിരീടങ്ങള്‍ സ്വന്തമാക്കി. 2010-ലേയും 2014-ലേയും ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 കിരീടവും ധോനി ചെന്നൈയ്ക്ക് സമ്മാനിച്ചു.
Discussion about this post