തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ നിയമസഭയില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. എസ്ഡിപിഐയെ പറയുമ്പോള്‍ കോണ്‍ഗ്രസിന് പൊള്ളുന്നത് വെറുതെയല്ല, രൂപീകരണ കാലം മുതല്‍ പോപ്പുലര്‍ ഫ്രണ്ട് യുഡിഎഫിന്റെ ഉറ്റമിത്രമാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ ബന്ധം പ്രകടമാണ്. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി പരസ്യമായിത്തന്നെ രാഷ്ട്രീയ സൗഹൃദം പ്രകടിപ്പിച്ചു തുടങ്ങിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ റഹീം പറഞ്ഞു.
എസ്ഡിപിഐയെ യുഡിഎഫിന്റെ ഘടക കക്ഷിയാക്കാനുള്ള ശ്രമം ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. സമൂഹം ഒറ്റക്കെട്ടായി അകറ്റി നിര്‍ത്തേണ്ട പോപ്പുലര്‍ ഫ്രണ്ടിനെ പത്ത് വോട്ടിനു വേണ്ടി മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ട് വരികയാണ് യുഡിഎഫെന്നും റഹീം കുറ്റപ്പെടുത്തി.
പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രതിഷേധവും സംഘര്‍ഷവും രണ്ടും രണ്ടാണ്. സമരത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടച്ച് നില്ക്കാന് പൊലീസിന് കഴിയില്ലെന്നും പിണറായി വ്യക്തമാക്കി. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നിട്ടുണ്ട്. അതെല്ലാം തികച്ചും സമാധാനപരമായി ആയിരുന്നു. എന്നാല്‍ എസ്ഡിപിഐ എന്ന സംഘടന ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തീവ്രവാദസംഘങ്ങള്‍ സമരം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐക്കെതിരെയും തീവ്രവാദസംഘങ്ങള്‍ക്കെതിരെയും കേസെടുക്കുന്നതില്‍ എന്തിനാണ് പ്രതിപക്ഷം വിറളി പിടിക്കുന്നത്. അവര്‍ എല്ലായിടത്തും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടത്തിട്ടില്ല. ജാമ്യമില്ലാ വുകുപ്പ് പ്രകാരം കേസ് എടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എസ്ഡിപിഐയെ പറയുമ്പോൾ കോൺഗ്രസ്സിന് പൊള്ളുന്നത് വെറുതെയല്ല, രൂപീകരണ കാലം മുതൽ പോപ്പുലർഫ്രണ്ട് യുഡിഎഫിന്റെ ഉറ്റമിത്രമാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ ബന്ധം പ്രകടമാണ്. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി പരസ്യമായിത്തന്നെ രാഷ്ട്രീയ സൗഹൃദം പ്രകടിപ്പിച്ചു തുടങ്ങി.
എസ്ഡിപിഐയെ യുഡിഎഫിന്റെ ഘടക കക്ഷിയാക്കാനുള്ള ശ്രമം ഒരുവിഭാഗം കോൺഗ്രസ്സ് നേതാക്കൾ ആരംഭിച്ചിട്ടുണ്ട്.
സമൂഹം ഒറ്റക്കെട്ടായി അകറ്റി നിർത്തേണ്ട പോപ്പുലർഫ്രണ്ടിനെ പത്ത് വോട്ടിനു വേണ്ടി മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ട് വരുകയാണ് യുഡിഎഫ്.
Discussion about this post