അണ്ടർ 19 ലോക ക്രിക്കറ്റ് കിരീടം ബംഗ്ലാദേശ് സ്വന്തമാക്കി. ഫൈനലിൽ ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കന്നിക്കിരീടം സ്വന്തമാക്കിയത്. 47 റൺസെടുത്ത ഓപ്പണർ പർവീസ് ഹുസൈനും 43 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അക്ബർ അലിയും ഇന്ത്യൻ ബൗളർമാർ ഉയർത്തിയ സമ്മർദ്ദത്തെ വിദഗ്ദ്ധമായി അതിജീവിച്ചപ്പോൾ ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിരയായിരുന്ന ഇന്ത്യയെ 177 എന്ന കുറഞ്ഞ സ്കോറിൽ ഒതുക്കിയ ബൗളർമാരായിരുന്നു ബംഗ്ലാദേശിന്റെ യഥാർത്ഥ വിജയ ശിൽപ്പികൾ.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നായകൻ അക്ബർ അലിയുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനമാണ് ബൗളർമാർ കാഴ്ചവെച്ചത്. 3 വിക്കറ്റെടുത്ത അവിഷേക് ദാസും 2 വീതം വിക്കറ്റുകൾ വീഴ്ത്തിയ തൻസീം ഹസനും ഷരീഫുൾ ഇസ്ലാമും അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കി. റക്കിബുൾ ഹസൻ 10 ഓവറിൽ 29 റൺസ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റെടുത്തു.
ഇന്ത്യക്കായി യശസ്വി ജയ്സ്വാൾ 88 റൺസെടുത്തുവെങ്കിലും 38 റൺസെടുത്ത തിലക് വർമ്മയൊഴികെ മറ്റാർക്കും പ്രതീക്ഷ കാക്കാൻ കഴിഞ്ഞില്ല. ധ്രുവ് ജുറൽ 22 റൺസ് നേടി. 4 വിക്കറ്റുമായി രവി ബിഷ്ണോയ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് അപരജാതിനായി സമ്മർദ്ദത്തെ അതിജീവിച്ച നായകൻ അക്ബർ അലി ബംഗ്ലാദേശിന് ചരിത്രത്തിലെ ആദ്യ ലോക കിരീടം സമ്മാനിക്കുകയായിരുന്നു.
മഴ മൂലം ബംഗ്ലാദേശിന്റെ ലക്ഷ്യം 46 ഓവറിൽ 170 ആയി പുനർ നിർണ്ണയിച്ചിരുന്നു. എന്നാൽ 42.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് ലക്ഷ്യം നേടുകയായിരുന്നു.
Discussion about this post