ഡല്‍ഹി: മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ സൈനിക പരിശീലന ക്യാംപില്‍. ആഗ്രയിലെ സൈനിക ക്യാംപിലാണ് രണ്ടാഴ്ചത്തെ പരിശീലനത്തിനായി ഇന്ത്യന്‍ ഏകദിന നായകന് എത്തിയത്. പാരച്യൂട്ട് പരിശീലനത്തിനാണ് ധോണി എത്തിയത്. സൈനിക വേഷമണിഞ്ഞ് എത്തിയ ധോണിയെ കണ്ടപ്പോള്‍ മറ്റു സൈനികര്‍ക്ക് ആശ്ചര്യം. ലഫ്റ്റനന്റ് പദവി കിട്ടിയതിനുശേഷം ആദ്യമായാണ് ധോണി സൈനിക ക്യാംപില്‍ എത്തുന്നത്.
ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹം അറിയിച്ച് ധോണി തന്നെയാണ് സൈനിക അധികൃതര്‍ക്ക് കത്ത് എഴുതിയത്. രണ്ടാഴ്ചത്തെ ട്രെയിനിങ്ങില്‍ പാരച്യൂട്ടില്‍ ചാടുന്നതുള്പ്പെടെയുള്ള പരിശീലനം ധോണിക്ക് ലഭിക്കും. ട്രെയിനിങ് പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു തവണ ധോണി പാരച്യൂട്ടില്‍ നിന്നും ചാടേണ്ടതായി വരും.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോള്‍ തന്റെ ആഗ്രഹം സഫലമായെന്നും ധോണി പറഞ്ഞു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം താന്‍ ഉറപ്പായും ഇന്ത്യന്‍ സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുമെന്നും ധോണി വ്യക്തമാക്കി. കായികരംഗത്തിന് നല്കിയ സേവനങ്ങള്‍ക്ക് പുറമേ സൈനിക മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ധോണിക്ക് പാരച്യൂട്ട് റജിമെന്റ് 2011 ല്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.
Discussion about this post