പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാർക്ക് സ്മാരകം പണിയാനായി ഓരോ സൈനികനെയും സംസ്കരിച്ച സ്ഥലത്തുനിന്നും മണ്ണ് ശേഖരിച്ച് ഗായകൻ. ബാംഗ്ലൂർ സ്വദേശിയായ ഉമേഷ് ഗോപിനാഥ് ജാദവാണ് രാജ്യത്തുടനീളം സഞ്ചരിച്ചു പുൽവാമയിൽ ജീവൻ ബലിയർപ്പിച്ച ഓരോ സൈനികരുടെയും വീട്ടിലെത്തി അവരുടെ സ്മാരകങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ചത്. ഇത് അവർക്ക് രക്തസാക്ഷി സ്മാരകം പണിയുന്നതിലേക്ക് ഉപയോഗിക്കാൻ വേണ്ടി ജാദവ് സൈന്യത്തിന് നൽകുകയും ചെയ്തു.
ജമ്മുകാശ്മീരിലെ ലത്പുരയിൽ, ഇന്ന് നടക്കുന്ന പുൽവാമ രക്തസാക്ഷി സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ജാദവിനെ ക്ഷണിച്ചു കൊണ്ടാണ് ഇന്ത്യൻ സൈന്യം അദ്ദേഹത്തോടുള്ള കൃതജ്ഞതയറിയിച്ചത്. ഒരു രൂപ പോലും പുറത്തു നിന്നും സഹായം സ്വീകരിക്കാതെ, ഈ ദൗത്യം മുഴുവനാക്കാൻ ഉമേഷ് ഗോപിനാഥ് സഞ്ചരിച്ചത് 61000 കിലോമീറ്ററിലധികമാണ്.
“എനിക്ക് അഭിമാനമുണ്ട്, അവരോടുള്ള എന്റെ ആദരവും ബഹുമാനവും പ്രകടമാക്കാൻ സാധിച്ചതോടൊപ്പം വളരെ വലിയൊരു നേട്ടം കൂടി എനിക്ക് ലഭിച്ചു. മകനെ നഷ്ടപ്പെട്ട അച്ഛനമ്മമാർ, ഭർത്താക്കന്മാരെ നഷ്ടപ്പെട്ട പത്നിമാർ, അച്ഛനെ നഷ്ടപ്പെട്ട മക്കൾ, സുഹൃത്തുക്കളെ നഷ്ടപ്പെട്ട സുഹൃത്തുക്കൾ.. എന്നിങ്ങനെ 40 വീരന്മാരുടെയും ഉറ്റവരുടെ അനുഗ്രഹങ്ങൾ കൂടി ഞാൻ ചോദിച്ചു വാങ്ങിയിരുന്നു” എന്ന് ജാദവ് മാധ്യമങ്ങളോട് പറഞ്ഞു.
“രാജ്യം നിങ്ങളോടൊപ്പം നിൽക്കുന്നു” സായുധ സേനകളിലെ വീരൻമാരോട് എനിക്ക് പറയാനുള്ളത് ഇത്ര മാത്രം ” എന്നും ജാദവ് കൂട്ടിച്ചേർത്തു












