ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇടയിലെ മഞ്ഞുരുകുന്നുവെന്ന് ഡൽഹിയിലെ രാഷ്ട്രീയ നിരീക്ഷകർ. ഞായറാഴ്ച നടന്ന കെജ്‌രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി എത്തിയിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യധാരയിലെ മറ്റാരെയും അരവിന്ദ് കെജ്‌രിവാൾ ക്ഷണിച്ചിരുന്നുമില്ല. എന്നാൽ, മുൻപേ തീരുമാനിച്ച പരിപാടികൾ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് കെജ്രിവാളും മോഡിയും ട്വിറ്ററിൽ നടത്തിയ സംഭാഷണങ്ങളാണ് പ്രധാന ചർച്ചാവിഷയം.
ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും പ്രധാനമന്ത്രി സർവ്വ വിധ ആശംസകളും നേരുന്നുവെന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു. ഉടനടി കെജ്രിവാളിതിന്റെ മറുപടി നൽകി.”താങ്കൾ വന്നിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.പക്ഷേ, താങ്കൾ തിരക്കിലായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇന്ത്യക്കാരുടെ അഭിമാനമായ ഡൽഹി നഗരത്തെ മാറ്റാൻ നമ്മൾ രണ്ടുപേരും ഇനി ഒരുമിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു” എന്നാണ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചത്.
ഞായറാഴ്ച രാംലീല മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രസംഗത്തിനിടയിൽ, അരവിന്ദ് കെജ്രിവാൾ, താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹം തേടുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.വിജയത്തോടനുബന്ധിച്ച് നടത്തിയ തുടരെത്തുടരെയുള്ള ക്ഷേത്രദർശനവും ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണങ്ങൾ ക്കിടയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ അരവിന്ദ് കെജ്രിവാൾ വളരെ രൂക്ഷമായി ആക്രമിച്ചിരുന്നു. എന്നാൽ ജനഹിതം ബിജെപിക്കൊപ്പമായിരുന്നു. അതിനു ശേഷം അരവിന്ദ് കെജ്രിവാൾ നരേന്ദ്ര മോദിയെ ലക്ഷ്യംവെച്ച് മൂർച്ചയുള്ള വാക്കുകൾ ഉപയോഗിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല.
ഇപ്പോൾ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും കെജ്‌രിവാൾ മോദിക്കെതിരെ ഒരക്ഷരം സംസാരിച്ചിട്ടില്ല.മറ്റു ബിജെപി സ്ഥാനാർത്ഥികൾ അരവിന്ദ് കെജ്രിവാളിനെ വട്ടമിട്ട് ആക്രമിച്ചെങ്കിലും അദ്ദേഹം തന്ത്രപരമായ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞമാസം, ഒരു പാകിസ്ഥാൻ മന്ത്രി, നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിൽ നടത്തിയ പരാമർശത്തെ ” അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രമല്ല എന്റെയും പ്രധാനമന്ത്രിയാണ്! ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട, തീവ്രവാദത്തെ അനുകൂലിക്കുന്നു രാഷ്ട്രത്തിന്റെ ഇടപെടൽ ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല” എന്ന പ്രസ്താവനയുമായി അരവിന്ദ് കെജ്‌രിവാൾ നരേന്ദ്രമോദിയെ പ്രതിരോധിച്ചിരുന്നു.
എല്ലാം കൂട്ടി വായിക്കുമ്പോൾ, ഡൽഹിയിലെ രാഷ്ട്രീയ നിരീക്ഷകരുടെ ആശങ്കയേറുകയാണ്. ഡൽഹിയിൽ കെജ്രിവാളിന്റെ ജനപ്രീതി, മൂന്നാമത്തെ തെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തോടെ അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കെജ്രിവാളിന്റെ മനസ്സിലുള്ളത് എന്താണെങ്കിലും അത് ഡൽഹിയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റി വരയ്ക്കും എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
Discussion about this post