ലോക കേരള സഭയുടെ ധൂർത്തിന്റെ കഥകൾ പുറത്തെത്തിയതോടെ പ്രതികരണമായി സംവിധായകൻ സോഹൻ റോയ്. ചിലവിന്റെ കണക്കിൽ കേരള സർക്കാർ പ്രധാനമായി പറയുന്നത് ലോക കേരള സഭയിൽ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും ഉള്ള വൻതുകയെപ്പറ്റിയാണ്. താങ്കൾ ഭക്ഷണത്തിന് ചെലവായ തുക തിരിച്ചടക്കാൻ തയ്യാറാണെന്നാണ് സോഹൻ റോയിയുടെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സോഹൻ പറയുന്നതിങ്ങനെയാണ്.
“ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോൾ സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികൾക്കു നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം പോലും സ്നേഹപൂർവ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയിൽ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരൽ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കിൽ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികൾ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങൾക്ക് ഞാൻ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാൻ വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതായിരിയ്ക്കും.”
Discussion about this post