ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സൗദിയിലെ പൗരന്മാര്ക്കും വിദേശികള്‍ക്കും ഉംറ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കൊറോണ വൈറസ് പടര്‍ന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ ഉംറ നിര്‍ത്തിവെച്ചിരുന്നു. കൊറോണ പടരുന്നത് തടയുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള ആഗോളശ്രമങ്ങളെയും ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ താല്പര്യങ്ങളെയും മാനിച്ചുകൊണ്ടുമാണ് സൗദിയിലെ പൗരന്മാര്ക്കും വിദേശികള്‍ക്കും കൂടി ഉംറ താല്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്.
കൊറോണ വൈറസ് ലോകത്ത് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതുമുതല് അതീവ ജാഗ്രതയോടെയാണ് സൗദി അറേബ്യ വൈറസിനെ പ്രതിരോധിക്കുവാനും രാജ്യത്തേക്ക് വ്യാപിക്കാതിരിക്കുവാനുമുള്ള നീക്കങ്ങള്‍ നടത്തിയിരുന്നത്. അതിന്റെ ഭാഗമായി കൊറോണ വൈറസ് പടര്‍ന്ന രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉംറയില്‍ പങ്കെടുക്കുന്നതിനും മദീനയിലേക്കും വിലക്കിക്കൊണ്ടുള്ള തീരുമാനമെടുത്തിരുന്നു.
Discussion about this post