ബുധനാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ അഭ്യർത്ഥനയെ തുടർന്നാണ് ബസ്സുടമകളുടെ സംഘടനകൾ സമരം നടത്താനുള്ള തീരുമാനം പിൻവലിച്ചത്.
സ്വകാര്യ ബസുടമകളുടെ പതിമൂന്നോളം സംഘടനകൾ ചേർന്നുള്ള സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ബസ്സുടമകളുടെ ആവശ്യങ്ങളിൽ സർക്കാർ അനുഭാവപൂർണമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും, കുറച്ചുകൂടി സമയം വേണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.
വിവിധ പരീക്ഷകളിൽ നടന്നു വരുന്ന സമയം കൂടിയായതിനാൽ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയിൽ നിന്ന് പിന്മാറണമെന്നും ഗതാഗതവകുപ്പ് ആവശ്യമുന്നയിച്ചിരുന്നു. സംസ്ഥാനം കൊറോണ ബാധയെ അഭിമുഖീകരിക്കുന്ന ഈ സന്ദർഭത്തിൽ ബസ്സുടമകൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചിരുന്നു.
Discussion about this post