റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 168 പേര്. രോഗബാധ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് വൈറസ് ബാധയില്‍ 631 പേര് മരിക്കുകയും പതിനായിരത്തിലധികം പേരില്‍ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം നാലായിരത്തില്‍ അധികം ആളുകളാണ് വൈറസ് ബാധയില്‍ മരണപ്പെട്ടത്.
അതേസമയം തുര്‍ക്കിയില്‍ ആദ്യ കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡ്-19 ബാധിച്ചുള്ള ആദ്യ മരണം ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ റിപ്പോര്‍ട്ട് ചെയ്തു. കാസബ്ലാങ്കയില്‍ ചികിത്സയിലായിരുന്ന 89 വയസുകാരിയാണ് മരണപ്പെട്ടത്. ഇറ്റലിയിലെ ബൊലോഗ്നയില്നിന്ന് കഴിഞ്ഞയാഴ്ച മൊറോക്കോയിലെത്തിയ ഇവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. ഇതോടെ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇറ്റലിയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും മൊറോക്കോ സര്‍ക്കാര്‍ നിര്‍ത്തിവച്ചു.
അതേസമയം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊറോണ മരണമാണിത്. കഴിഞ്ഞയാഴ്ച ഈജിപ്തിലായിരുന്നു വൈറസ് ബാധയേറ്റുള്ള ആഫ്രിക്കയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.
പാക്കിസ്ഥാനില്‍ ഒമ്പതു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കറാച്ചിയില്‍ ഒന്‍പത് പേര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സിറിയയില്‍നിന്നും ലണ്ടനില്‍നിന്നും കറാച്ചിയില്‍ എത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് ഇവരുമായി സന്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിച്ചു വരികയാണ്. ഇറാന് – പാക്കിസ്ഥാന് അതിര്‍ത്തിയില്‍ മൂവായിരത്തോളം തീര്‍ഥാടകരെ രണ്ടാഴ്ചയായി ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. കാല്‍നടയായി ഇറാനില്‍ നിന്നു വന്നവരാണ് ഇവരില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post