അമരാവതി: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആന്ധ്രാ പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ആന്ധ്രാ പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ രമേശ് കുമാർ അറിയിച്ചു. ആറ് ആഴ്ചത്തേക്കാണ് തിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുന്നത്. വൈറസ് ബാധ നിയന്ത്രണ വിധേയമാകുന്ന മുറയ്ക്ക് പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ത്രിതല പഞ്ചായത്തുകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും നാല് ഘട്ടമായി നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം മാർച്ച് 21ന് ആരംഭിക്കാനിരിക്കെയാണ് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പുതിയ തീരുമാനം വന്നിരിക്കുന്നത്. നിലവിലെ തദ്ദേശ ഭരണകൂടങ്ങളുടെ കാലാവധി കഴിഞ്ഞ ജൂലായ് മാസത്തിൽ അവസാനിച്ചിരുന്നു. എന്നാൽ സംവരണ സീറ്റുകളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമാകാതിരുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് വൈകിയത്. മൂന്ന് കോടിക്കടുത്ത് വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്.
Discussion about this post